നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വിഐപി. പരിഗണന നല്‍കിയ സംഭവത്തില്‍ രണ്ട് മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.

മധ്യമേഖല ജയില്‍ ഡിഐജി അജയ കുമാര്‍, കാക്കനാട് ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.. ജയില്‍ ആസ്ഥാന ഡിഐജി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് നടപടി.

ജയിലില്‍ ബോബിയെ കാണാന്‍ വിഐപികള്‍ എത്തിയ സംഭവം നേരത്തെ വിവാദമായിരുന്നു. കൂടാതെ, മറ്റ് പരിഗണനകള്‍ ബോബിക്ക് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

ഈ വിഷയത്തിലാണ് ജയില്‍ ആസ്ഥാന ഡിഐജി ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരെ കൂടാതെ മറ്റ് ഉദ്യോഗസ്ഥരുടെ പേരും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ഒരു തൃശൂര്‍ സ്വദേശി ഉള്‍പ്പെടെ മൂന്ന് വിഐപികള്‍ ബോബി ചെമ്മണ്ണൂരിനെ സന്ദര്‍ശിച്ചുവെന്നും രജിസ്റ്ററില്‍ അവര്‍ പേര് രേഖപ്പെടുത്തിയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇവര്‍ ഒരു മണിക്കൂറോളം ബോബി ചെമ്മണ്ണൂരുമായി സമയം ചെലവഴിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.