പ്രതിരോധ മന്ത്രാലയം ആക്രമിക്കപ്പെടുന്നതിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട സൗദിക്ക് അപ്രതീക്ഷിതമായ പ്രഹരമായിരുന്നു അൽ സലാം കൊട്ടാരത്തിന് മുന്നിൽ നടന്ന ഏറ്റുമുട്ടൽ.
അകത്തേക്ക് കടക്കാൻ ശ്രമിച്ച അക്രമിയെ സുരക്ഷാ സേന വെടിവെച്ച് കൊന്നെങ്കിലും മൂന്ന് ഉദ്യോഗസ്ഥർ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.നിരവധി സുരക്ഷാ ജീവനക്കാർക്കും പരിക്കേറ്റു.
സൗദി പ്രതിരോധ മന്ത്രാലയം ആക്രമിക്കാനുള്ള ഐ.എസ് ശ്രമം പരാജയപ്പെടുത്തിയതിന് തൊട്ടു പിന്നാലെ നടന്ന ആക്രമണം സൗദി ഭരണകൂടത്തെ ഞെട്ടിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരം 3.15 ഓടെ നടന്ന ആക്രമണത്തെ സംബന്ധിച്ച വിവരം രാത്രി വളരെ വൈകിയാണ് അധികൃതർ പുറത്തുവിട്ടത്.
അക്രമി സൗദി പൗരനാണ് എന്നു പറയുമ്പോഴും ഐ.എസ് ബന്ധം സ്ഥിരീകരിക്കാൻ സൗദി ഇതുവരെ തയ്യാറായിട്ടില്ല.
അടിക്കടി ആക്രമണമുണ്ടാകുന്ന വാർത്ത പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന ‘പ്രത്യാഘാതം’ മുൻനിർത്തിയാണ് ഈ നിലപാടെന്നാണ് സൂചന.
സൗദി പൗരനായ മൻസൂർ ബിൻ ഹസ്സൻ അൽ അമീരി എന്ന 28 കാരനായിരുന്നു രാജ്യത്തെ ഞെട്ടിച്ച അക്രമി.
നേരത്തെ പ്രതിരോധ മന്ത്രാലയം ആക്രമിക്കാനുള്ള ഐ.എസ് പദ്ധതി തകർത്ത് സൗദി സുരക്ഷാ സേന നടത്തിയ റെയ്ഡിൽ കുതിരാലയം ഐ.എസ് സെൻട്രൽ ഓഫീസ് പോലെ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
കുറ്റവാളികളെ പരസ്യമായി തല വെട്ടിക്കൊല്ലുന്ന രാജ്യത്ത് തന്നെ സ്വന്തം പൗരന്മാർ ഐ.എസിന്റെ ചാവേറുകൾ ആകുന്നത് സൗദി ഭരണകൂടത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
പ്രതിരോധ മന്ത്രാലയം ആക്രമിക്കാൻ ഒരുങ്ങിയ സംഘത്തിൽ സൗദി പൗരന്മാരോടൊപ്പം യെമൻ, സിറിയ രാജ്യങ്ങളിലെ പൗരന്മാരും ഉണ്ടായിരുന്നു.
റെയ്ഡിനിടെ സ്വയം പൊട്ടിത്തെറിച്ച് ഒരു ചാവേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
മുൻകൂട്ടി വിവരം ലഭിച്ചില്ലായിരുന്നുവെങ്കിൽ വൻ നാശനഷ്ടം ഉണ്ടാകുമായിരുന്നുവെന്ന് ഭീകരരുടെ തയ്യാറെടുപ്പിൽ നിന്നും ഇതിനകം വ്യക്തമായിട്ടുണ്ട്.
വിശുദ്ധ പുണ്യസ്ഥലമായ മക്ക സ്ഥിതി ചെയ്യുന്ന സൗദി പിടിച്ചെടുത്ത് ‘യഥാർത്ഥ’ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതാണ് ഐ.എസിന്റെ ലക്ഷ്യം.
ഇതിനിടെ അനവധി ഐ.എസ് പ്രവർത്തകർ ഇപ്പോൾ സൗദിയിൽ എന്തിനും തയ്യാറായി നിൽക്കുന്നുണ്ട് എന്ന അപകടകരമായ വിവരമാണ് രാജ്യാന്തര രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ച് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
മാധ്യമങ്ങൾക്ക് സൗദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ കർശന ‘ നിയന്ത്രണം’ ഉള്ളതിനാൽ അറിഞ്ഞ വിവരങ്ങൾ പോലും മിക്ക മാധ്യമങ്ങൾക്കും റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ഇവിടെ ഉള്ളത്.
പാക്കിസ്ഥാനികളേക്കാൾ മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് വലിയ പരിഗണന ലഭിക്കുന്ന രാജ്യമാണ് സൗദി.
ഇതിൽ അസംതൃപ്തരായ പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള മറ്റ് ഇസ്ലാമിക ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാരെ ഐ.എസ് തങ്ങളുടെ വരുതിയിൽ കൊണ്ടുവരുമെന്ന ആശങ്കയും അധികൃതർക്കുണ്ട്.
സൗദിയിൽ വിവിധ കുറ്റങ്ങൾക്ക് കൊടും ശിക്ഷക്ക് വിധേയരായവരുടെ ബന്ധുക്കളെയും സംഘടനയിലേക്ക് ഐ.എസ് ആകർഷിക്കുന്നതായ റിപ്പോർട്ടുകളും ഭരണകൂടത്തിനു മുന്നിലെത്തിയിട്ടുണ്ട്.
ഇതിനിടെ സൗദി നേരിടുന്ന ഭീഷണി മുൻ നിർത്തി മിസൈൽ പ്രതിരോധ സംവിധാനം ഉൾപ്പെടെ കൂടുതൽ ആധുനിക സംവിധാനങ്ങൾ നൽകാൻ അമേരിക്കയും തീരുമാനിച്ചു.
രാജ്യത്തിനു പുറത്തെ ശത്രുക്കളെ തടുക്കാൻ തങ്ങൾക്ക് കഴിയുമെങ്കിലും അകത്തെ വെല്ലുവിളിക്ക് സൗദി തന്നെ പരിഹാരം കാണേണ്ടതുണ്ടെന്നാണ് അമേരിക്കയുടെ നിലപാട്.
ഇനിയും ഐ.എസ് ഭീകരർ ആക്രമണം തുടർന്നാൽ സൗദിയിൽ നിന്നും കൂട്ട പലായനം തന്നെയുണ്ടാകുമെന്ന മുന്നറിയിപ്പ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ നൽകിയിട്ടുണ്ട്.
സിറിയയിലും യെമനിലും ഇറാഖിലും ഐ.എസ് നടത്തിയ കിരാത ആക്രമണത്തിന്റെ ‘ടെസ്റ്റ് ഡോസ്’ ആയി ഇപ്പോഴത്തെ സംഭവങ്ങളെ കണ്ട് കർശന നടപടി സ്വീകരിക്കാൻ വൈകരുതെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.
Leave a Reply