റെയിൽവേ ട്രാക്കിൽനിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച യുവാക്കൾ ട്രെയിനിടിച്ചു മരിച്ചു. ബിഹാറിലെ കാതിഹർ ജംങ്ഷനു സമീപത്തായിരുന്നു സംഭവം. മൂന്നു യുവാക്കൾ റയിൽവേ ട്രാക്കിൽനിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ചു. ഈ സമയം ട്രാക്കിലൂടെ എത്തിയ ട്രെയിൻ യുവാക്കളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
രണ്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റൊരാൾ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. റൗഷൻ കുമാർ, സമീർ ചൗധരി എന്നിവരാണ് മരിച്ചത്. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ബിട്ടു പസ്വാന്റെ നില ഗുരുതരമെന്നാണ് ആശുപത്രി അധികൃതരിൽനിന്നും ലഭിക്കുന്ന വിവരം.
കോർഹ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ കേസെടുത്തതായും മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിന് അയച്ചതായും പൊലീസ് സ്റ്റേഷൻ ചാർജുളള അനുജ് കുമാർ പറഞ്ഞു.
സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് നിരവധി പേരാണ് രാജ്യത്താകമാനം മരിക്കുന്നത്. സെൽഫി മൂലമുളള മരണങ്ങൾ മറ്റേതു രാജ്യത്തെക്കാളും ഇന്ത്യയിലാണ് കൂടുതലെന്ന് കാർണിജി മെല്ലോൺ യൂണിവേഴ്സിറ്റിയും ഇന്ദ്രപ്രസ്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷനും ചേർന്നു നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു
Leave a Reply