കോട്ടയം; ജില്ലയില്‍ നടന്ന മാല പൊട്ടിക്കലും ശ്രമങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ രണ്ടംഗസംഘം അവസാനം വലയിലായി. സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങളാണ് ഇരുവരും. ആറന്മുള വല്ലന പെരുമശ്ശേരില്‍ വീട്ടില്‍ ദീപക് (26), ഇരവിപേരൂര്‍ നെല്ലിമല കരയ്ക്കാട്ടു വീട്ടില്‍ വിഷ്ണു (26) എന്നിവരാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
പ്രായമായ സ്ത്രീകളുടെ അടുത്ത് ബൈക്കിലെത്തിയശേഷം ഒരാള്‍ ഇറങ്ങിച്ചെന്ന് വഴിയോ സ്ഥലപ്പേരോ ചോദിച്ച് അവരുടെ മാല പൊട്ടിക്കുന്നതാണ് ഇവരുടെ രീതി. ബൈക്ക് ഓടിക്കുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചും മറ്റെയാള്‍ കൈകൊണ്ട് മുഖം മറച്ചുമാണ് മാല അപഹരിച്ചിരുന്നത്. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ഊരി മാറ്റിയശേഷമാണ് മാല പൊട്ടിക്കാന്‍ ഇറങ്ങുന്നത്.
ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിന് സമീപം മാടക്കട നടത്തുന്ന ചാത്തങ്കരി കളത്തില്‍ ശാരദാമ്മയുടെ (78) ഒന്നര പവന്റെ മാലയും പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപത്ത് ശാന്തമ്മയുടെ (63) ഒന്നര പവന്റെ മാലയും മോഷ്ടിച്ചത് തങ്ങളാണെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ജനുവരി 24ന് വൈകിട്ട് നാലിനായിരുന്നു ശാരദാമ്മയുടെ മാല മോഷ്ടിച്ചത്. ബൈക്കിലെത്തിയ വിഷ്ണുവും ദീപക്കും കടയില്‍ കയറി സോഡാ വാങ്ങി പണം നല്‍കിയശേഷമാണ് ശാരദാമ്മയുടെ മാല പൊട്ടിച്ചെടുത്ത് ഞൊടിയിടയില്‍ സ്ഥലം വിട്ടത്. വെളുത്ത രണ്ടു യുവാക്കളാണ് മാല പൊട്ടിച്ചതെന്ന് ശാരദാമ്മ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഈ മാല ഇവരുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ഫെബ്രുവരി 9നാണ് ശാന്തമ്മയുടെയുടെ ഒന്നര പവന്റെ മാലപൊട്ടിച്ചെടുത്തത്.
തിരുവല്ല മനയ്ക്കച്ചിറയ്ക്ക് സമീപമുള്ള ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കാരാണ് പ്രതികളായ ദീപക്കും വിഷ്ണുവും. സ്വകാര്യ സ്ഥാപനത്തില്‍ മാന്യമായ ശമ്പളത്തില്‍ ജോലി ചെയ്തുവന്ന ഇരുവരും നല്ല സാമ്പത്തികശേഷിയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഇവര്‍ ആര്‍ഭാട ജീവിതത്തിനായാണ് ഉപയോഗിച്ചിരുന്നത്. വിലകൂടിയ മൊബൈല്‍ ഫോണുകളാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലും ആര്‍ടി ഓഫീസുകളില്‍ നിന്നും ഷോറൂമുകളില്‍ നിന്നും ലഭിച്ച ആയിരത്തോളം ബൈക്കിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് പ്രതികളെ കുടുക്കിയത്.
തിരുവല്ല ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റ നേതൃത്വത്തില്‍ തിരുവല്ല പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സന്തോഷ്, പുളിക്കീഴ് എസ്.ഐ വിപിന്‍കുമാര്‍, എസ്.ഐ ബി.ശ്യാം, ഷാഡോ ടീമിലെ എ.എസ്.ഐമാരായ അജി ശാമുവേല്‍, എസ്.രാധാകൃഷ്ണന്‍, ടി.ഡി ഹരികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആര്‍.അജികുമാര്‍, വി.എസ്. സുജിത്ത്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Leave a Reply