ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലണ്ടിലെ പ്രസവ യൂണിറ്റുകളിൽ മൂന്നിൽ രണ്ട് ഭാഗവും അപകടകരമാംവിധം നിലവാരമില്ലാത്ത പരിചരണമാണ് നൽകുന്നതെന്നും, ഇത് സ്ത്രീകളെയും കുഞ്ഞുങ്ങളെയും അപകടത്തിലാക്കുന്നതായും എൻ എച്ച് എസ് വാച്ച്ഡോഗായ കെയർ ക്വാളിറ്റി കമ്മീഷന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലെ 65% പ്രസവ സേവനങ്ങളും അപര്യാപ്തമായത് അല്ലെങ്കിൽ മെച്ചപ്പെടൽ ആവശ്യമായത് എന്ന രീതിയിലാണ് കെയർ ക്വാളിറ്റി കമ്മീഷൻ ഈ വർഷം റേറ്റിങ് നൽകിയിരിക്കുന്നത്. കഴിഞ്ഞവർഷം ഇത് 54 ശതമാനം സേവനങ്ങൾക്ക് ആയിരുന്നെങ്കിൽ ഈ വർഷം അത് അധികമായി വർദ്ധിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗുരുതരമായ ജീവനക്കാരുടെ കുറവും, ആന്തരിക പിരിമുറുക്കങ്ങളും ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങളാണ് സേവനങ്ങളിൽ ഉള്ളതെന്ന് കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിനർത്ഥം നിരവധി അമ്മമാർക്കും അവരുടെ കുഞ്ഞുങ്ങൾക്കും വേണ്ടത്ര പരിചരണം ലഭിക്കുന്നില്ലെന്നാണെന്ന് കമ്മീഷൻ വ്യക്തമാക്കി. സ്ത്രീകൾക്ക് പലപ്പോഴും പരിചരണം ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നതായും, സ്റ്റാഫുകളുമായി പലപ്പോഴും അവർക്ക് ആവശ്യമായ ആശയവിനിമയം നടത്തുവാൻ സാധിക്കാത്ത സാഹചര്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കമ്മീഷന്റെ കണ്ടെത്തലുകൾ ആശങ്കയുളവാക്കുന്നതാണെന്ന് എൻ എച്ച് എസ് പേഷ്യന്റ് ചാമ്പ്യൻ ഹെൽത്ത് വാച്ച് ഇംഗ്ലണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ലൂയിസ് അൻസാരി പറഞ്ഞു.

ആംബുലൻസ് സർവീസുകൾ നൽകുന്ന സേവനങ്ങളും മോശമായി വരികയാണെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ ശീതകാലത്തിനു ശേഷം 999 ആംബുലൻസുകളുടെ പ്രതികരണ സമയം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, ജീവൻ അപകടപ്പെടുത്തുന്ന അടിയന്തരാവസ്ഥകളോട് പ്രതികരിക്കാൻ നിരവധി ആംബുലൻസുകൾക്ക് ഏഴ് മിനിറ്റിലധികം സമയമെടുക്കുന്നതായും, ഹൃദയാഘാതം, സ്ട്രോക്ക്, സെപ്സിസ് കേസുകൾ എന്നിവയ്ക്ക് 18 മിനിറ്റിലധികം സമയമെടുക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. രോഗികൾക്ക് ആവശ്യമായതും അർഹിക്കുന്നതുമായ പരിചരണത്തിന്റെ ഗുണനിലവാരം എൻ എച്ച് എസിന്റെയും സാമൂഹിക പരിചരണത്തിന്റെയും പല ഭാഗങ്ങളിലും നിറവേറ്റപ്പെടുന്നില്ല എന്ന സങ്കടകരമായ യാഥാർത്ഥ്യം ഈ റിപ്പോർട്ട്‌ വെളിപ്പെടുത്തുന്നുവെന്ന് കിംഗ്സ് ഫണ്ട് തിങ്ക്ടാങ്കിലെ പോളിസി ഡയറക്ടർ സാലി വാറൻ പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതൽ അവലോകനങ്ങളും നടപടികളും എൻ എച്ച് എസിന്റെ ഭാഗത്തുനിന്നും ഉടൻ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.