ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ നിന്നുള്ള ഇന്ത്യൻ വിസ സേവനങ്ങൾക്കായി ഇനി മുതൽ പുതിയ ഓപ്ഷനുകൾ ലഭ്യമാകുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസാമി അറിയിച്ചു. വിസ സേവന ദാതാവായ വി എഫ് എസ് വഴി  ലഭ്യമാകുന്ന  പുതിയ ഓപ്ഷനുകൾ 2022 നവംബർ 1 മുതൽ ആരംഭിക്കും. പുതിയ നടപടികളെക്കുറിച്ചും അതിന്റെ വിശദാംശങ്ങളെക്കുറിച്ചും ഇന്ത്യൻ ഹൈ കമ്മീഷണർ വിശദമായ പ്രസ്താവന നടത്തി. തങ്ങൾ ആദ്യം ചെയ്യാൻ പോകുന്ന പുതിയ കാര്യങ്ങളിൽ സെൻട്രൽ ലണ്ടനിലെ മാരിൽബോണിൽ പുതിയ വിസ പ്രോസസിങ് സൗകര്യം തുറക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അത് ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവും വിസ അപേക്ഷകൾ  വേഗത്തിലാക്കുവാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


രണ്ടാമതായി ഗ്രൂപ്പ് ടൂറിസം വിസ ലഭ്യമാകുന്നതിനുള്ള സേവനങ്ങൾ പുതിയതായി ആരംഭിക്കുക എന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.ഒരു ട്രാവൽ ഏജൻസി വഴി ഒരേ ലക്ഷ്യസ്ഥാനത്തേക്കും ഒരേ ഫ്ലൈറ്റുകളിൽ ഒരു ഗ്രൂപ്പായി യാത്ര ചെയ്യുന്നവർക്ക് സൗകര്യമൊരുക്കാനാണ് ഈ നടപടി. ഇതോടൊപ്പം തന്നെ വിസ സംബന്ധിച്ച രേഖകൾ വീട്ടു വാതിൽക്കൽ നിന്ന് ശേഖരിക്കുവാനും പ്രോസസ്സിങ്ങിനു ശേഷം തിരികെ വീട്ടിലെത്തിക്കുവാനുമുള്ള സൗകര്യങ്ങളും പുതിയ പദ്ധതികളിൽ ഉണ്ടാകും. എന്നാൽ ഇതിനായി ആവശ്യക്കാർക്ക് ഒരു തുക ചെലവാക്കേണ്ടതായി വരും. ഇതോടൊപ്പം തന്നെ ഓൺലൈനായി ഫോം പൂർത്തീകരണ സേവനങ്ങളും വി എഫ് എസിലൂടെ ലഭ്യമാക്കാനുള്ള നടപടികൾ തീരുമാനമായിട്ടുണ്ടെന്ന് ഹൈ കമ്മീഷണർ വ്യക്തമാക്കി.