ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാന്റെ വീട്ടില്‍ കയറി ഒളിച്ചിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാറൂഖിന്റെ മുബൈയിലെ വസതിയായ മന്നത്തിലാണ് ഇവർ കയറിയത്. താരത്തെ നേരിട്ട് കാണാനായിരുന്നു ഈ സാഹസം. മേക്കപ്പ് റൂമിൽ കയറി ഒളിച്ച ഇവർ എട്ടുമണിക്കൂറോളം ഇതിനുള്ളിലിരുന്നു. ബം​ഗ്ലാവിന്റെ മതിൽ ചാടിക്കടന്ന ഇരുവരും മൂന്നാം നിലയിലെ മേക്കപ്പ് റൂമിലെത്തുകയായിരുന്നു.

പത്താൻ സാഹിൽ സലിം ഖാൻ, രാം സരഫ് കുശ്‍വാഹ എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി രണ്ടിന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഇരുവരും മേക്കപ്പ് റൂമിൽ കയറി ഇരിപ്പുറപ്പിച്ചത്. ഹൗസ് കീപ്പിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സതീഷ് ആണ് ഇവരെ ആദ്യം കണ്ടത്. ഇരുവരെയും ലോബിയിലേക്ക് കൊണ്ടുചെന്ന് വിവരം ഷാറൂഖ് ഖാനെ അറിയിച്ചു. ഇവരെ കണ്ട് താരം ഞെട്ടിപ്പോയി എന്നാണ് ബാന്ദ്ര പൊലീസിന്റെ എഫ്ഐആറിലുള്ളത്.

വീട്ടില്‍ അതിക്രമിച്ചു കയറിയതിന് ഭവനഭേദനത്തിനടക്കം കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാമെന്ന് പൊലീസ് വ്യക്തമാക്കി.