ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ സാധാരണ കുടുംബങ്ങളുടെ ഗ്യാസ്, വൈദ്യുതി ബില്ലുകൾ ജനുവരി മുതൽ പ്രതിവർഷം 443 പൗണ്ട് വരെ വർധിക്കുമെന്ന് പ്രവചനം. ഇതോടെ ശരാശരി വാർഷിക ഊർജബിൽ 26 ശതമാനം ഉയർന്ന് 2,166 പൗണ്ടിലെത്തുമെന്നാണ് കൺസൾട്ടൻസി സ്ഥാപനമായ കോൺവാൾ ഇൻസൈറ്റിന്റെ വിലയിരുത്തൽ. ഔദ്യോഗിക നിരക്ക് അടുത്തയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ഈ പ്രവചനം. ഇതിനിടെ രാജ്യത്തെ പണപ്പെരുപ്പം ഒക്ടോബറിൽ 3.6 ശതമാനമായി ഉയർന്നു. സെപ്റ്റംബറിൽ ഇത് 3.5 ശതമാനമായിരുന്നു. പെട്രോൾ, ഡീസൽ വിലകളിലുണ്ടായ വർധനയാണ് പണപ്പെരുപ്പം ഉയരാൻ പ്രധാന കാരണമായത്. അമേരിക്കയും ഇസ്രായേലും ഇറാനുമായി ബന്ധപ്പെട്ട യുദ്ധസാഹചര്യവും ആഗോള ഊർജവില വർധനയ്ക്ക് കാരണമായിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജീവിതച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി ജനുവരിയിൽ 20 ദശലക്ഷം വീടുകൾക്ക് 100 പൗണ്ട് വീതം സർക്കാർ നൽകും. അടുത്ത ജൂലൈ വരെ വൈദ്യുതി ബില്ലിലെ വാറ്റ് നികുതി പൂജ്യമായി കുറച്ചിട്ടുമുണ്ട്. എന്നാൽ ഈ സഹായങ്ങൾ വർധിച്ചുവരുന്ന ഊർജച്ചെലവിന്റെ ആഘാതം പൂർണമായി കുറയ്ക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് 3.75 ശതമാനത്തിൽനിന്ന് നാല് ശതമാനമായി ഉയർത്തിയിട്ടുണ്ട്. മൂന്ന് വർഷത്തിനിടെ ആദ്യമായാണ് പലിശനിരക്കിൽ വർധന വരുത്തിയത്. പലിശ ഉയരുന്നത് ഭവനവായ്പകളുടെയും മറ്റ് വായ്പകളുടെയും തിരിച്ചടവ് വർധിപ്പിക്കുമെങ്കിലും നിക്ഷേപങ്ങൾക്ക് കൂടുതൽ വരുമാനം ലഭിക്കാൻ സഹായിച്ചേക്കും.

ഊർജവില വർധന കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. വീട്ടിലെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനും ഹീറ്റിങ് പരമാവധി ഒഴിവാക്കാനും കൂടുതൽ വസ്ത്രങ്ങൾ ധരിച്ച് തണുപ്പിനെ നേരിടാനുമാണ് പലരും ശ്രമിക്കുന്നത്. ഒക്ടോബറിൽ പെട്രോൾ ലിറ്ററിന് ശരാശരി 174.7 പെൻസായി ഉയർന്നു. 2022 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡീസൽ വില ലിറ്ററിന് 199.5 പെൻസിലെത്തി; 30 വർഷത്തെ രേഖപ്പെടുത്തലിൽ ഏറ്റവും ഉയർന്ന നിരക്കും. അടുത്ത വർഷം പണപ്പെരുപ്പം 4.9 ശതമാനത്തിലെത്താമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിലയിരുത്തൽ. മിഡിൽ ഈസ്റ്റിലെ സംഘർഷം കൂടുതൽ രൂക്ഷമായാൽ 2027ൽ പണപ്പെരുപ്പം 6.2 ശതമാനം വരെയാകാമെന്നും മുന്നറിയിപ്പുണ്ട്. നിലവിലെ സാഹചര്യത്തിൽ പലിശനിരക്കിൽ വീണ്ടും വർധനയുണ്ടാകുമോ എന്ന ആശങ്കയും ശക്തമാണ്.