ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വീടുകളുടെ വിലയില്‍ വന്‍ വര്‍ദ്ധനവ്. സാധാരണക്കാര്‍ക്ക് പാര്‍പ്പിടം എന്ന സ്വപനം അപ്രാപ്യമാക്കുന്ന വിധത്തിലാണ് വില വര്‍ദ്ധനവെന്നാണ് റിപ്പോര്‍ട്ട്. വിദേശ നിക്ഷേപകര്‍ വീടുകള്‍ വാങ്ങിക്കൂട്ടുന്നതും പുതുതായി നിര്‍മിച്ച വീടുകളുടെയും കെട്ടിടങ്ങളുടെയും ക്ഷാമവുമാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തല്‍. 2009ലെ മാന്ദ്യത്തിനു ശേഷം വീടുകളുടെ ശരാശരി വിലയില്‍ 47 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
154,452 പൗണ്ട് വിലയുണ്ടായിരുന്ന വീടുകള്‍ക്ക് കഴിഞ്ഞ ഏപ്രിലില് 226,906 പൗണ്ടായാണ് വില ഉയര്‍ന്നത്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. പത്തു വര്‍ഷത്തിനിടെ 96 ശതമാനം വിലവര്‍ദ്ധനവാണ് ലണ്ടനിലുണ്ടായത്. ഒരു ശരാശരി വീടിന് 484,585 പൗണ്ടാണ് ഇവിടുത്തെ വില. ഇംഗ്ലണ്ടില്‍ ഏറ്റവും വിലക്കുറവുള്ള പ്രദേശം എന്ന് അറിയപ്പെടുന്ന നോര്‍ത്ത് ഈസ്റ്റില്‍ പോലും ശരാശരി വില 130,489 പൗണ്ടാണ്. 11 ശതമാനം വര്‍ദ്ധനയാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്.
എങ്കിലും ഒരു 25 ശതമാനം നിക്ഷേപമുള്ള ഒരു സാധാരണ വരുമാനക്കാരന് ഇവിടെ 884 സ്‌ക്വയര്‍ഫീറ്റ് വിസ്താരമുള്ള വീടുകള്‍ വരെ മാത്രമേ വാങ്ങാനാകൂ. ദേശീയ ശരാശരിയില്‍ നിന്ന് 9 സ്‌ക്വയര്‍ഫീറ്റ് കുറവാണ് ഇത്. ലണ്ടനിലാണെങ്കില്‍ 292 സ്‌ക്വയര്‍ഫീറ്റ് വരെ മാത്രമേ ഈ വരുമാനമുള്ളവര്‍ക്ക് താങ്ങാനാകൂ. സാവില്‍സ് ആണ് ഈ കണക്കുകള്‍ തയ്യാറാക്കിയത്. ബ്രൈറ്റണ്‍, കേംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ് എന്നിവയാണ് പ്രോപ്പര്‍ട്ടി വില ഏറ്റവും കൂടുതലുള്ള മറ്റു നഗരങ്ങള്‍.
Leave a Reply