വിവിധ ഗള്‍ഫ് രാജ്യങ്ങളിലിരുന്ന് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പോസ്റ്റുകളിടുന്ന ഇന്ത്യക്കാരുടെ ശ്രദ്ധക്ക്. കര്‍ശനമായ നടപടിയായിരിക്കും നിങ്ങളെ കാത്തിരിക്കുന്നതെന്നാണ് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ വ്യാപകമായ വിധത്തില്‍ വിദ്വേഷ പോസ്റ്റുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ പ്രചരിപ്പിക്കുന്നു എന്നാണ് ആരോപണം. ഇക്കൂട്ടത്തില്‍ മലയാളികളും ഉള്‍പ്പെടും.
മുസ്ലീങ്ങളാണ് കൊവിഡ് പരത്തുന്നത് എന്ന രീതിയിലുള്ള പ്രചരണം ഇന്ത്യയിലെ സമൂഹ മാധ്യമങ്ങളില്‍ ഒരു വിഭാഗം വലിയ പ്രചാരണം നടത്തുന്നുണ്ട്. ഇതിനൊപ്പമാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരും മതവിദ്വേഷം പ്രചരിപ്പിക്കുന്നത്. കൊറോണ വൈറസ് ബാധയ്ക്ക് മുമ്പ് തന്നെ ഇത്തരത്തില്‍ വിദ്വേഷ പ്രചരണം നടക്കുകയും ചിലര്‍ അറസ്റ്റിലാവുക വരെ ചെയ്തിരുന്നു. എന്നാല്‍ കൊവിഡിന്റെ വരവോടെ ഇന്ത്യയില്‍ ഒരുവിഭാഗം നടത്തുന്ന വിദ്വേഷ പ്രചരണത്തിന് സഹായകമാകുന്ന വിധത്തിലാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ളവരും ഈ പ്രവര്‍ത്തിക്ക് മുതിരുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടിയെന്നാണ് ഇപ്പോള്‍ ഈ രാജ്യങ്ങളിലെ അധികൃതര്‍ വ്യക്തമാക്കുന്നത്.
യു.എ.ഇയിലെ രാജകുടുംബാംഗവും പ്രമുഖ എഴുത്തുകാരിയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഫൈസല്‍ അല്‍ ഖാസ്മി തന്നെ ഇക്കാര്യം ഇന്നലെ സൂചിപ്പിച്ചു. യുഎഇയില്‍ വംശീയ വിദ്വേഷവും വിവേചനവും കാണിക്കുന്നവര്‍ പിഴയൊടുക്കേണ്ടി വരുമെന്നും രാജ്യത്തു നിന്ന് പുറത്താക്കുമെന്നും അവര്‍ ട്വീറ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്വീറ്റുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ പ്രതികരണം.
ഇതിനു പിന്നാലെ ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് അവര്‍ വിദ്വേഷ പ്രചരണത്തിനും വംശീയഹത്യക്കുമെതിരായും സംസാരിക്കുന്നുണ്ട്. “വംശഹത്യയുടെ തുടക്കം വിദ്വേഷ പ്രചാരണത്തില്‍ നിന്നാണ്. ‘കണ്ണിനു കണ്ണ് എന്നതു മൂലം സംഭവിക്കുക ലോകം മുഴുവന്‍ അന്ധകാരരരത്തിലാകും എന്നതാണ്’. ഇപ്പോള്‍ സിനിമയായും ചിത്രങ്ങളായുമൊക്കെ നാം രേഖപ്പെടുത്തിയിട്ടുള്ള ആ രക്തപങ്കിലമായ ചരിത്രത്തില്‍ നിന്ന് പഠിക്കേണ്ടതുണ്ട്. മരണത്തിന് മരണം മാത്രമേ കൊണ്ടുവരാന്‍ കഴിയൂ, അതുപോലെ സ്‌നേഹത്തിന് സ്‌നേഹവും”, അവര്‍ പറയുന്നു.
മറ്റൊരു ട്വീറ്റില്‍ അവര്‍ വീണ്ടും ഇക്കാര്യം ആവര്‍ത്തിച്ചു. “വെറുപ്പ് എന്നത് കത്തിക്കൊണ്ടിരിക്കുന്ന ഒരു കല്‍ക്കരി കൈയില്‍ എടുക്കുന്നതു പോലെയാണ്. അത് എടുത്തിരിക്കുന്നവര്‍ക്കും പൊള്ളും. അഭിമാനത്തോടെ പറയട്ടെ, ഞാനൊരു യുഎഇക്കാരിയാണ്. ഇവിടേക്ക് വരികയും ഇവിടെ താമസിക്കുകയും ചെയ്യുന്ന ഏതൊരു മതസ്ഥരേയും ഞങ്ങള്‍ സഹിഷ്ണുതയോടെ മാത്രമേ കാണൂ. ദയയിലും നീതിയിലും സന്തോഷഭരിതമായ ഒരു താമസസ്ഥലവും അടിസ്ഥാനപ്പെടുത്തി ഭരിക്കുന്ന, വികസിച്ചു കൊണ്ടിരിക്കുന്ന ഒരു നാടാണിത്” എന്നും അവര്‍ പറയുന്നു.
“എനിക്ക് ഇന്ത്യ ഇഷ്ടമാണ്. ഞാന്‍ അവിടെ വന്നിട്ടുണ്ട്. എന്റെ ‘ഗുരുജി’യെ സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യക്കാരും അറബ് വംശജരും തമ്മില്‍ ഒരു പ്രത്യേക തരത്തിലുള്ള ബന്ധമുണ്ട്. ആ പഴയ ഹൃദ്യമായ ബന്ധം പഴയകാലത്തുള്ളവര്‍ക്ക് നന്നായി അറിയാം. മതത്തിന്റെയോ സമ്പത്തിന്റെയോ അടിസ്ഥാനത്തിലല്ലാതെ ഇന്ത്യക്ക് ഒരു പ്രത്യേക സൗന്ദര്യമുണ്ട്. അതുകൊണ്ടാണ് എനിക്ക് ആ പേരിട്ടിരിക്കുന്നത്” എന്നും ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച ഒരാളോട് അവര്‍ പറയുന്നു.
ഇക്കഴിഞ്ഞ ആഴ്ചയാണ് കര്‍ണാടക സ്വദേശിയായ രാകേഷ് ബി. കിട്ടൂര്‍മത് എന്നയാള്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ദുബായില്‍ പോലീസ് നടപടി നേരിട്ടത്. സോഷ്യല്‍ മീഡിയയില്‍ കൂടി ഇസ്ലാമിനെ അപമാനിക്കുകയായിരുന്നു അവിടുത്തെ ഒരു മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാള്‍. ഇയാളെ കമ്പനിയില്‍ നിന്നു പിരിച്ചു വിട്ടതായും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കൂടി മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയതാണ് ഇയാള്‍ നടപടി നേരിടാന്‍ കാരണം.
ഇതിന് ഒരാഴ്ച മുമ്പ് അബുദാബിയില്‍ താമസിച്ചിരുന്ന മിതേഷ് ഉദ്ദേശി എന്നയാളെയും ഫേസ്ബുക്കില്‍ വിദ്വേഷ പ്രചരണം നടത്തിയതിന് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. ദുബായില്‍ ജോലി തേടിയെത്തിയ ഇന്ത്യയില്‍ നിന്നുള്ള ഒരു മുസ്ലീം യുവാവിനോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞതിന് സമീര്‍ ഭണ്ഡാരി എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുന്നയാള്‍ക്കെതിരെയും പോലീസില്‍ പരാതി എത്തിയിരുന്നു. വംശീയ, മത വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനുള്ള നിയമം 2015-ല്‍ യുഎഇ പാസാക്കിയിരുന്നു.
വിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാര്‍ അടുത്തിടെ നടപടി നേരിട്ട ചില വാര്‍ത്തകള്‍ ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പട്ട് ഡല്‍ഹിയില്‍ നിയമവിദ്യാര്‍ത്ഥിയായ സ്വാതി ഖന്നയ്‌ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ ദുബായിലെ റെസ്‌റ്റോറന്റില്‍ ജോലി ചെയ്യുന്ന ത്രിലോക് സിംഗ് എന്നയാളെ ഇക്കഴിഞ്ഞ മാസം പിരിച്ചു വിട്ടിരുന്നു.
ജനുവരിയിലാണ് ഇന്ത്യക്കാരനായ ജയന്ത് ഗോഖലെ എന്നയാള്‍ ജോലി നേടിയെത്തിയ മലയാളിയായ അബ്ദുള്ള എസ്.എസിനോട് ഷഹീന്‍ ബാഗ് പ്രതിഷേധക്കാരൂടെ കൂടെപ്പോയിരിക്കാന്‍ പറഞ്ഞത്.
ന്യൂസിലാന്‍ഡില്‍ നടന്ന ഭീകരാക്രണത്തെ അനുകൂലിച്ചു കൊണ്ട് ആഘോഷിച്ച ഒരു ഇന്ത്യക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും നാടുകടത്തുകയും ചെയ്തത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്.
സാധാരണ ഇത്തരം വിദ്വേഷ പോസ്റ്റുകള്‍ കാണുമ്പോള്‍ ഇന്ത്യക്കാരായവര്‍ തന്നെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താറാണ് പതിവ്. പലപ്പോഴും ഗള്‍ഫ് രാജ്യങ്ങളിലെ അധികൃതര്‍ ഇതത്ര കാര്യമാക്കാറുമില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിഗതികള്‍ മാറിയിരിക്കുന്നു എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ സോഷ്യല്‍ മീഡിയകളില്‍ കൂടി വിദ്വേഷ പ്രചരണം നടത്തുന്നതിനെതിരെ കര്‍ശന നടപടിയാണ് അധികൃതര്‍ സ്വമേധയാ സ്വീകരിക്കുന്നത്. യു.എ.ഇ രാജകുടുംബാംഗം തന്നെ ഇന്ത്യക്കാരന്റെ വിദ്വേഷ പോസ്റ്റ് ചൂണ്ടിക്കാട്ടി രംഗത്തു വന്നത് ഇതിന് തെളിവാണ്.
യാതൊരു പ്രശ്‌നവുമില്ല എന്നു കരുതി വിദ്വേഷ പ്രചരണം നടത്തുകയും ഒടുവില്‍ നടപടി നേരിടേണ്ടി വരുമെന്ന ഘട്ടത്തില്‍ മാപ്പു പറയുന്നതും കുറവല്ല. കഴിഞ്ഞ ദിവസമാണ് ഇത്തരത്തില്‍ ജമാത് തബ്‌ലിഗി മര്‍ക്കസ് വിഷയത്തില്‍ മുസ്ലീം വിരോധം പ്രചരിപ്പിച്ചു കൊണ്ട് പ്രീതി ഗിരി എന്ന ഒരു കമ്പനിയുടെ എക്സിക്യുട്ടീവ് ഡയറക്ടറായ, 20 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന സ്ത്രീ ട്വീറ്റ് ചെയ്തത്. തബ്‌ലീഗി മുസ്ലീങ്ങള്‍ സുന്നികളാണെന്നും അമീര്‍ ഖാന്‍ തബ്‌ലീഗി ആണെന്നുമൊക്കെ പറയുന്ന ആ പോസ്റ്റിനോട് മറ്റൊരു സ്ത്രീ പ്രതികരിച്ചു. ദുബായ് പോലീസിനെ ടാഗ് ചെയ്തു കൊണ്ട് അവര്‍ ചൂണ്ടിക്കാട്ടിയ കാര്യം, ഈ വിദ്വേഷ പ്രചരണം നടത്തുന്ന ഇന്ത്യക്കാരി താമസിക്കുന്ന രാജ്യം ഭരിക്കുന്നത് സുന്നികളാണ് എന്നത് മറക്കരുത് എന്നാണ്. ഇതോടെ സമസ്താപരാധവും പറഞ്ഞ് ട്വിറ്റര്‍ അക്കൗണ്ട് തന്നെ ഈ പ്രീതി ഗിരി എന്ന സ്ത്രീ വേണ്ടെന്നുവച്ചു.
Leave a Reply