നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായിക റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കി. 164ാം വകുപ്പ് പ്രകാരം റിമി ടോമി ഉള്‍പ്പെടെ സിനിമാരംഗത്തുനിന്നുള്ള നാല് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസിന്റെ അപേക്ഷ.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഹൈക്കോടതിയില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയെ തുടര്‍ന്നുള്ള വാദത്തിലും ഇക്കാര്യം പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദിലീപ് അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാവുന്നത് അടുത്തമാസം ഏഴാം തീയ്യതിയാണ്. അതിനകം കുറ്റപത്രം സമര്‍പ്പിക്കേണ്ടതുള്ളതിനാല്‍ അവസാനഘട്ട മൊഴിയെടുക്കല്‍ നടപടികളിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് അന്വേഷണസംഘം. അതേസമയം ദിലീപിന്റെ പുതിയ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ മാറ്റിവച്ചിരിക്കുകയാണ് ഹൈക്കോടതി.