ദില്ലി ചെങ്കോട്ടയിലെ ഭീകരസദൃശ സ്ഫോടനത്തിൽ യുഎപിഎ വകുപ്പ് ചുമത്തി ദില്ലി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതുവരെ എട്ടുപേരുടെ മരണമാണ് കേന്ദ്രം സ്ഥിരീകരിച്ചത്. എന്നാൽ അനൗദ്യോഗിക വിവരം പ്രകാരം മരണസംഖ്യ 13 ആയി ഉയർന്നേക്കാമെന്നാണ് സൂചന. മുപ്പതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചെങ്കോട്ടയ്ക്കു സമീപം പാർക്കിങ് ഗ്രൗണ്ടിൽ നിന്നു കാറുമായി പുറത്ത് വരുന്ന കറുത്ത മാസ്ക് ധരിച്ച ഒരാളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം കൂടുതൽ ദുരൂഹതയിലേയ്ക്കാണ് നീങ്ങുന്നത്.
ലാൽക്കില മെട്രോ സ്റ്റേഷന്റെ മുന്നിലെ ട്രാഫിക് സിഗ്നലിന് സമീപം നിമിഷങ്ങൾക്കുള്ളിൽ പൊട്ടിത്തെറിച്ച ഹുണ്ടായ് ഐ20 കാറാണ് സ്ഫോടനത്തിന് കാരണമായത്. സമീപത്തെ വാഹനങ്ങളും റിക്ഷകളും പൂർണ്ണമായും തകർന്നുവീണു. പൊട്ടിത്തെറിയുടെ ആഘാതം ഒരു കിലോമീറ്റർ അകലെയെങ്കിലും അനുഭവപ്പെട്ടതായാണ് ദൃക്സാക്ഷികൾ പറയുന്നത്. കാറിൽ മൂന്നു പേർ ഉണ്ടായിരുന്നെന്ന മുൻ റിപ്പോർട്ടുകൾക്കെതിരെ, സിസിടിവിയിൽ ഡ്രൈവിംഗ് സീറ്റിൽ ഒരാൾ മാത്രമാണ് കാണുന്നതെന്ന് പോലീസ് പറയുന്നു.
കാറിന്റെ ഉടമസ്ഥൻ പുൽവാമ സ്വദേശിയായ താരിഖ് ആണെന്നാണ് വിവരം. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്നാണ് സൂചന. ട്രാഫിക് സിഗ്നൽ കാരണം മാർക്കറ്റിനുള്ളിലേക്ക് കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടതോടെ കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്ന് മണിക്കൂർ നിർത്തിയിരുന്നുവെന്നാണ് അന്വേഷണം വ്യക്തമാക്കുന്നത്. സംഭവത്തെ തുടർന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തിയതായും കേന്ദ്രം അറിയിച്ചു.











Leave a Reply