ലണ്ടന്‍: ലണ്ടന്‍ നഗരത്തില്‍ ഊബറിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ആരംഭിച്ച ഓണ്‍ലൈന്‍ പെറ്റീഷനില്‍ 6 ലക്ഷത്തിലേറെ ആളുകള്‍ ഒപ്പുവെച്ചു. ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടനാണ് ഊബറിന് നഗരത്തില്‍ വിലക്കേര്‍പ്പെടുത്തിയത്. പൊതുജനങ്ങളുടെ സുരക്ഷയും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുന്നതും പരിഗണിച്ചാണ് ഊബര്‍ നിരോധിക്കാന്‍ ടിഎഫ്എല്‍ തീരുമാനിച്ചത്. നഗരത്തിന് ഊബര്‍ യോജിച്ചതല്ലെന്നാണ് വിശദീകരണം.

ഈ തീരുമാനത്തെ ചരിത്രപരമായ വിജയം എന്നായിരുന്നു തൊഴിലാളി സംഘടനള്‍ വിശേഷിപ്പിച്ചത്. എന്നാല്‍ മേഖലയിലെ ആരോഗ്യകരമായ മത്സരമാണ് ഈ തീരുമാനം ഇല്ലാതാക്കിയെന്ന് ഊബര്‍ അനുകൂലികളും പറഞ്ഞു. ഊബര്‍ ലണ്ടന്‍ തുടക്കമിട്ട ഓണ്‍ലൈന്‍ പരാതിയില്‍ ലക്ഷക്കണക്കിന് ആളുകളാണ് പിന്തുണയുമായി എത്തിയത്. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ടത് തെരഞ്ഞെടുക്കാനുള്ള അവകാശമാണ് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടനും അതിന്റെ ചെയര്‍മാനായ മേയറും ചേര്‍ന്ന് ഇല്ലാതാക്കിയതെന്ന് പരാതിയില്‍ പറയുന്നു.

ഈ തീരുമാനം നടപ്പായാല്‍ 40,000ത്തോളം ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടമാകും. ലണ്ടന്‍ വാസികള്‍ക്ക് താങ്ങാനാകുന്ന ചെലവിലുള്ള യാത്രാ സൗകര്യവും ഇല്ലാതാകുമെന്ന് ഊബര്‍ പറയുന്നു. ലണ്ടന്‍ നഗരം അത്ര തുറന്ന ഹൃദയമുള്ള ഇടമല്ലെന്ന് ലോകത്തിനു മുമ്പില്‍ ചിത്രീകരിക്കപ്പെടുമെന്നും ഊബര്‍ കുറ്റപ്പെടുത്തുന്നു. യുകെയില്‍ 40 നഗരങ്ങളില്‍ ഊബര്‍ സേവനം നല്‍കുന്നുണ്ട്.