യൂബര്‍ പാസഞ്ചര്‍ തന്റെ കുട്ടിയെ കാറില്‍ മറന്നുവെച്ചു. യൂബര്‍ ഡ്രൈവര്‍ അടുത്ത പാസഞ്ചറെ കാറില്‍ കയറ്റിയ സമയത്താണ് തൊട്ടു മുന്‍പത്തെ കസ്റ്റമര്‍ കുട്ടിയെ കാറിന്റ പിന്‍ സീറ്റില്‍ മറന്നു വെച്ച കാര്യം ശ്രദ്ധിക്കുന്നത്. ഉടന്‍ തന്നെ ഇയാള്‍ അടുത്ത പോലീസ് സ്‌റ്റേഷനിലെത്തി കുട്ടിയെ തിരികെ നല്‍കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ച രാത്രി ഏതാണ്ട് 11 മണിയോടെ യൂബര്‍ വിളിച്ച എലിസബത്ത് കാട്ടോംപയാണ് തന്റെ കുട്ടിയെ കാറില്‍ മറന്നുവെച്ചത്. കുട്ടി കാറിലാണ് എന്ന് തിരിച്ചറിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ എലിസബത്ത് എമര്‍ജന്‍സി നമ്പരായ 999ല്‍ വിളിച്ച് കാര്യമറിയിച്ചു. ടോട്ടണ്‍ഹാമിലേക്ക് യാത്ര ചെയ്യുകയായിരുന്ന എലിസബത്ത് കുട്ടി കാറിന്റെ പിന്‍സീറ്റീല്‍ മറന്നുവെച്ച കാര്യം തിരച്ചറിയുന്നത് യൂബര്‍ സ്ഥലത്ത് നിന്ന് പോയ ശേഷമാണ്. യൂബറില്‍ കുട്ടിയുള്ള കാര്യം തിരിച്ചറിയാതെ ഡ്രൈവര്‍ ഒരു മണിക്കൂറോളം യാത്ര ചെയ്തിരുന്നതായി എലിസബത്ത് ദി ഇവനിംഗ് സ്റ്റ്ന്‍ഡേര്‍ഡിനോട് പറഞ്ഞു. പിന്‍സീറ്റില്‍ സുഖനിദ്രയിലായിരുന്നു കുട്ടി ഒലിവിയ ഇതിനിടയില്‍ ശബ്ദമൊന്നും ഉണ്ടാക്കാതിരുന്നതോടെയാണ് ഡ്രൈവര്‍ക്ക് കുട്ടി കാറിലുള്ള കാര്യം തിരിച്ചറിയാന്‍ വൈകിയത്.
കാറില്‍ നിന്ന് ഇറങ്ങിയ ഉടന്‍ ഞാനും സഹോദരിയും യൂബറിനെ പിന്തുടര്‍ന്നിരുന്നു. ഞങ്ങളെന്തിനാണ് കാറിന് പിന്നാലെ ഓടുന്നതെന്ന് പോലും ഡ്രൈവര്‍ക്ക് മനസ്സിലാകുമായിരുന്നില്ല. ഏറെ നേരം കാറിന് പിന്നാലെ ഓടി നോക്കിയെങ്കിലും ഫലമുണ്ടായില്ല എലിസബത്ത് പറയുന്നു. ഞാന്‍ ആകെ പരിഭ്രമത്തിലാകുകയായിരുന്നു. നിങ്ങള്‍ ഒരിക്കല്‍ പോലും വീണ്ടും കാണാന്‍ ഇടയില്ലാത്ത ഒരാള്‍ നമ്മുടെ കുട്ടിയെ കൊണ്ടുപോകുകയെന്നാല്‍ ഭയമുണ്ടാക്കുന്ന കാര്യമാണെന്നും എലിസബത്ത് പറഞ്ഞു. ആ സമയത്ത് എന്റെ ചിന്തകളൊന്നും നേര്‍ വഴിക്കായിരുന്നില്ല. ഡ്രൈവര്‍ മനപൂര്‍വ്വമാണോ കുട്ടിയെ കടത്തികൊണ്ടു പോയത്. കുട്ടി കാറിലുള്ളത് അയാള്‍ തിരിച്ചറിഞ്ഞോ തുടങ്ങി നിരവധി ചിന്തകള്‍ എന്നെ അലട്ടിയിരുന്നതായി എലിസബത്ത് കൂട്ടിച്ചേര്‍ത്തു.
യൂബര്‍ ഡ്രൈവര്‍ ഈ സമയത്ത് മറ്റൊരു പാസഞ്ചറിനെ കാറില്‍ കയറ്റിയിരുന്നു. കുട്ടി പിന്‍സീറ്റിലുണ്ടായിട്ടും പാസഞ്ചര്‍ ചോദ്യം ചെയ്തില്ല. രണ്ടാമത്തെ പാസഞ്ചര്‍ കാറില്‍ കയറിയ സമയത്താണ് കുട്ടി കാറിലുള്ള കാര്യം ഡ്രൈവര്‍ തിരിച്ചറിയുന്നത്. ഉടന്‍ തന്നെ അടുത്തുള്ള ബിഷപ്പ്‌ഗേറ്റ് പോലീസ് സ്‌റ്റേഷനിലെത്തി അധികൃതരെ വിവരമറിയിച്ചു. എലിസബത്തും അവരുടെ ഭര്‍ത്താവും പെട്ടന്നു തന്നെ സ്റ്റേഷനിലെത്തുകയായിരുന്നു. യൂബറിന്റെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണിതെന്ന് യൂബര്‍ വക്താവ് അറിയിച്ചു. മൊബൈല്‍ ഫോണുകളും താക്കോലുകളും മറന്നുവെച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കുട്ടിയെ മറന്നുവെച്ച സംഭവം ഇതാദ്യമാണെന്ന് കമ്പനി വക്താവ് പറയുന്നു. ഡ്രൈവര്‍ കുട്ടി കാറിലുള്ളത് തിരിച്ചറിഞ്ഞ ഉടന്‍ പോലീസില്‍ വിവരമറിയിച്ചതായും കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തിയതായും വക്താവ് കൂട്ടിച്ചേര്‍ത്തു.
Leave a Reply