ടാക്‌സി മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ഊബര്‍ യാത്രക്കാര്‍ക്കുവേണ്ടി പുതിയ സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങുന്നു. പറക്കും ടാക്‌സികള്‍ അവതരിപ്പിക്കാനാണ് പദ്ധതി. ലോസ് ആന്‍ജലസില്‍ നടക്കുന്ന എലിവേറ്റ് സമ്മിറ്റില്‍ ഇതിന്റെ മാതൃക ഊബര്‍ അവതരിപ്പിച്ചു. ഹെലികോപ്ടറിന്റെ മാതൃകയില്‍ വെര്‍ട്ടിക്കല്‍ ടേക്ക് ഓഫും ലാന്‍ഡിംഗും നടത്താനാകുന്ന എയര്‍ക്രാഫ്റ്റായിരിക്കും ഇതിനായി ഉപയോഗിക്കുക. തിരക്കേറിയ നഗരങ്ങളില്‍ യാത്രക്കാര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ തങ്ങളുടെ ലക്ഷ്യ സ്ഥാനങ്ങളിലെത്താന്‍ ഈ പറക്കു ടാക്‌സികള്‍ സഹായിക്കും. 2020 മുതല്‍ ഈ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി.

ഒരു എയര്‍ക്രാഫ്റ്റില്‍ നാലുപേര്‍ക്ക് സഞ്ചരിക്കാം. ആദ്യഘട്ടത്തില്‍ പൈലറ്റുമാരുള്ള മോഡലുകളായിരിക്കും അവതരിപ്പിക്കുക. പിന്നീട് സ്വയം പറക്കുന്ന മോഡലുകള്‍ നിലവില്‍ വരും. ഇത് 5 മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ നിലവില്‍ വരും. വാഹനത്തിന്റെ മിനിയേച്ചറും പൂര്‍ണ്ണ രൂപത്തിലുള്ള മോഡലും സമ്മിറ്റില്‍ ഊബര്‍ പ്രദര്‍ശിപ്പിച്ചു. ഈ സര്‍വീസിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണീയത അതിന്റെ നിരക്കാണ്. മൈലിന് 1.50 പൗണ്ട് മാത്രമേ യാത്രക്കാര്‍ക്ക് ചെലവാകൂ എന്നാണ് ഊബര്‍ അവകാശപ്പെടുന്നത്. ഹെലികോപ്ടറിന്റെ മാതൃകയിലുള്ള ഒന്നിലേറെ റോട്ടറുകളിലാണ് ഇത് പറന്നുയരുന്നത്.

എന്നാല്‍ ഇലക്ട്രിക് വാഹനമായതിനാല്‍ ഹെലികോപ്ടറിന്റെയത്ര ശബ്ദമുണ്ടാകില്ലെന്ന മെച്ചവുമുണ്ട്. ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ക്ക് 4.20 പൗണ്ട് വീതം ഒരു മൈല്‍ യാത്രക്ക് ചെലവാകുമെങ്കിലും പെട്ടെന്നു തന്നെ നിരക്കുകള്‍ കുറയ്ക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. നഗരങ്ങള്‍ ഗതാഗതത്തിന്റെ കാര്യത്തില്‍ ഇനി മറ്റൊരു സമീപനം സ്വീകരിക്കേണ്ട സമയം വന്നിരിക്കുകയാണെന്ന് ഊബര്‍ സിഇഒ ദാര ഖോസ്രോഷാഹി പറഞ്ഞു. അത് യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമങ്ങളിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.