സ്വന്തം ലേഖകൻ
യു കെ :- രണ്ടു മൈൽ ദൂരം യാത്രയ്ക്കായി ഊബർ ടാക്സി വിളിച്ച യാത്രക്കാരനോട് 111 പൗണ്ട് തുക ഈടാക്കി ഡ്രൈവർ. എട്ടു മിനിറ്റ് മാത്രം സമയമെടുത്ത യാത്രയ്ക്കാണ് സാധാരണയിൽ നിന്നും 23 ഇരട്ടി തുക ഡ്രൈവർ ഈടാക്കിയത്. പതിനെട്ടുകാരനായ മാറ്റ് ബെന്നെറ്റ് എന്ന വ്യക്തിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. പബ്ബിൽ നിന്നും തിരിച്ചു വീട്ടിലേക്കുള്ള യാത്രയ്ക്കായി ആണ് അദ്ദേഹം ഊബർ ടാക്സിയെ ആശ്രയിച്ചത്. മദ്യപിച്ചിരുന്നതിനാൽ രാത്രിയിൽ അദ്ദേഹം ഇത്രയും തുക ഈടാക്കിയ കാര്യം ശ്രദ്ധിച്ചിരുന്നില്ല. അടുത്ത ദിവസം രാവിലെയാണ് അദ്ദേഹം ഈ കാര്യം മനസ്സിലാക്കുന്നത്.
നിരവധി തവണ ഇതേ യാത്രയ്ക്കായി താൻ ഊബർ ടാക്സിയെ ആശ്രയിച്ചിട്ടുണ്ട്. എന്നാൽ ആദ്യമായാണ് ഇത്തരമൊരു അനുഭവം തനിക്ക് ഉണ്ടാകുന്നതെന്ന് മാറ്റ് ബെനറ്റ് പറഞ്ഞു. നാല് മുതൽ ഏഴ് പൗണ്ട് വരെ മാത്രമാണ് സാധാരണയായി ഈ യാത്രയ്ക്ക് തന്നിൽ നിന്ന് ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്ലബിങ് അപ്പ്രെന്റിസിഷിപ് കഴിഞ്ഞു നിൽക്കുന്ന മാറ്റിന്, ജോലി ഒന്നും തന്നെ ഇല്ല. അതിനാൽ തന്നെ ഇത്രയും തുക തനിക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ് എന്ന് അദ്ദേഹം പറഞ്ഞു.
തന്റെ പരാതി അദ്ദേഹം ഊബർ ടാക്സിയുടെ ഓഫീസിൽ വിളിച്ച് അറിയിച്ചപ്പോൾ, തികച്ചും ന്യായമായ തുകയാണ് ഈടാക്കിയതെന്നായിരുന്നു പ്രതികരണം. രാത്രി 10 മണിക്ക് ശേഷം ഉള്ള യാത്രയായതിനാൽ ആണ് ഇത്രയും തുക ഈടാക്കിയിരുന്നതെന്ന് ഊബർ ഓഫീസ് ജീവനക്കാർ പറഞ്ഞതായി മാറ്റ് ബെനറ്റ് പറഞ്ഞു. എന്നാൽ പിന്നീട് ഈ പ്രതികരണം ഊബർ ഓഫീസ് തിരുത്തി. മാറ്റിനോട് അധികമായി ഈടാക്കിയ തുക തിരിച്ചു നൽകിയിരിക്കുകയാണ് ഊബർ.
Leave a Reply