ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉത്തരകൊറിയയും ദക്ഷിണകൊറിയയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു. ഉത്തരകൊറിയ വടക്ക് കിഴക്ക് തീരത്ത് രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിച്ചത്. ആറുമാസകാലയളവിന് ശേഷമുള്ള ആദ്യ മിസൈൽ പരീക്ഷണമാണിത്. ദക്ഷിണ കൊറിയയും ചൈനയും ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങളെ പറ്റി ചർച്ച ചെയ്തതിന് പിന്നാലെയാണ് മിസൈൽ പരീക്ഷണം നടന്നത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ ദക്ഷിണകൊറിയയും രാജ്യത്തിൻറെ ആദ്യ അന്തർവാഹിനിയിൽ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു.ഇതോടെ ഇത്തരത്തിലുള്ള മിസൈലുള്ള ലോകത്തെ ഏഴാമത്തെ രാജ്യമായി ദക്ഷിണകൊറിയ മാറി.

എസ്എൽബിഎം എന്നറിയപ്പെടുന്ന മിസൈൽ പരീക്ഷണം രാജ്യം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഉത്തരകൊറിയയുടെ പുതിയ വിക്ഷേപണത്തോടുള്ള പ്രതികരണം അല്ലെന്നും അധികൃതർ വ്യക്തമാക്കി.പരീക്ഷണത്തിൽ പങ്കെടുത്ത ദക്ഷിണകൊറിയൻ പ്രസിഡൻറ് മൂൺ ജേ-ഇൻ ഉത്തരകൊറിയയുടെ പ്രകോപനങ്ങൾക്കെതിരെ ഏതുസമയവും പ്രതികരിക്കാൻ ഇനി തങ്ങൾക്കാവും എന്നും ഇത്തരത്തിലുള്ള ആയുധങ്ങൾ ഇനിയും രാജ്യം വികസിപ്പിക്കണം എന്നും തന്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. എന്നാൽ ഈ പ്രസ്താവനയ്ക്കെതിരെ ഉത്തരകൊറിയൻ പ്രസിഡന്റായ കിം ജോങ് ഉനിൻറെ സഹോദരി കിം യോ ജോങ് രംഗത്തുവന്നു.

ഉത്തരകൊറിയയുടെ ഷോർട്ട് റേഞ്ച് മിസൈലുകൾ 60 കിലോമീറ്റർ ഉയരത്തിൽ 800 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിവുള്ളവയാണ്. രാജ്യത്തിൻറെ ഉൾപ്രദേശങ്ങളിൽ നിന്ന് വിക്ഷേപിച്ച മിസൈൽ സീ ഓഫ് ജപ്പാനിലേക്ക് ആണ് പറന്നത്. പിന്നീട് മിസൈലുകൾ ജപ്പാൻെറ എക്സ്ക്ലൂസീവ് എക്കണോമിക് സോണിൽ പതിച്ചെന്ന് ജപ്പാന്റെ പ്രതിരോധമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. യുഎൻ പ്രമേയങ്ങൾ ഉത്തരകൊറിയയെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. ഒരേ ദിവസം രണ്ടു കൊറിയകളും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കുന്നത് അസാധാരണമാണെന്നും ഈ മേഖലയിൽ ആയുധ മത്സരം ഉണ്ടെന്നുള്ളതിൻെറ തെളിവാണിതെന്നും യോൻസി സർവകലാശാലയിലെ പ്രൊഫസർ ജോൺ ഡെലൂറി പറഞ്ഞു.