ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : തുടർച്ചയായ സുരക്ഷാ വീഴ്ചകൾ കാരണം ഉബെറിന് ലണ്ടനിൽ പ്രവൃത്തിക്കാനുള്ള ലൈസൻസ് നഷ്ടമായേക്കുമെന്ന് ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ അറിയിച്ചു. ഉബെറിന്റെ അപ്ലിക്കേഷൻ ഉചിതമായ ഒന്നല്ലെന്നും അവർ പറഞ്ഞു. 2017ൽ ആണ് ഉബെറിനു ആദ്യം ലൈസൻസ് നഷ്ടമാവുന്നത്. പിന്നീട് ഇത് 2019 നവംബർ 24 വരെ നീട്ടുകയുണ്ടായി. 45,000 ഓളം ഡ്രൈവർമാർ ലണ്ടനിലെ ഉബെറിനായി ജോലി ചെയ്യുന്നു. ഒപ്പം ആഗോളതലത്തിൽ മികച്ച അഞ്ച് വിപണികളിൽ ഒന്ന് കൂടിയാണിത്. പല സുരക്ഷാവീഴ്ചകൾ ശ്രദ്ധയിൽ പെട്ടതോടെയാണ് ലൈസൻസ് റദ്ദാക്കുന്നതെന്നും ടിഎഫ്എൽ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയിൽ വീഴ്ച വരുത്തിയെന്ന് അവർ കണ്ടെത്തി. 2018 അവസാനത്തിലും 2019 ന്റെ തുടക്കത്തിലും ലണ്ടനിൽ കുറഞ്ഞത് 14,000 വഞ്ചനാപരമായ യാത്രകളുണ്ടായിരുന്നുവെന്ന് ടി‌എഫ്‌എൽ വെളിപ്പെടുത്തി. കൂടാതെ പിരിച്ചുവിട്ട ഡ്രൈവർമാർക്ക് ഉബെർ അപ്ലിക്കേഷനിൽ കയറി വീണ്ടും അക്കൗണ്ട് ഉണ്ടാക്കി യാത്രക്കാരെ കൊണ്ടുപോകാനും കഴിഞ്ഞു.

ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു: “ഈ തീരുമാനം ഉബർ ഉപയോക്താക്കൾക്ക് മോശമായി തോന്നിയേക്കാം. എന്നാൽ ജനങ്ങളുടെ സുരക്ഷയാണ് ഞങ്ങൾക്ക് പ്രധാനം”. എന്നാൽ ഉബെർ പെട്ടെന്നൊന്നും ലണ്ടനിൽ നിന്ന് അപ്രത്യക്ഷം ആവില്ല. ഉബെർ അപ്പീൽ നൽകുകയും അതിനെതുടർന്ന് മജിസ്‌ട്രേറ്റിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആവും അന്തിമവിധി ഉണ്ടാവുക. മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നുള്ള തീരുമാനത്തിന് ആഴ്ചകളോ മാസങ്ങളോ വേണ്ടിവരും. കോടതി തീരുമാനിച്ചില്ലെങ്കിൽ ഈ കാലയളവിലും ഉബെർ ലൈസൻസ് നിലനിർത്തി പ്രവർത്തിക്കും. ലൈസൻസ് റദ്ദാക്കുന്നത് തെറ്റായ തീരുമാനം ആണെന്ന് ഉബെർ ആരോപിച്ചു. കഴിഞ്ഞ രണ്ട് മാസമായി ലണ്ടനിലെ എല്ലാ ഡ്രൈവർമാരെയും ഓഡിറ്റ് ചെയ്തതായും അതിന്റെ പ്രക്രിയകൾ കൂടുതൽ ശക്തമാക്കിയതായും അവർ റിപ്പോർട്ടിൽ പറയുന്നു. ഈ ടി‌എഫ്‌എൽ തീരുമാനം തെറ്റാണെന്നും കഴിഞ്ഞ 2 വർഷമായി ഞങ്ങൾ ലണ്ടനിൽ പ്രവർത്തിക്കുന്ന രീതിയിൽ മാറ്റം വരുത്തിയെന്നും തലവൻ ബോസ് ദാര ഖോസ്രോഷാഹി ട്വീറ്റ് ചെയ്തു.

ഉബർ പറയുന്നതനുസരിച്ച് , അവരുടെ വിൽപ്പനയുടെ 24% ലണ്ടൻ ഉൾപ്പെടെ അഞ്ച് നഗരങ്ങളിൽ നിന്നാണ്. ലോസ് ഏഞ്ചൽസ്, ന്യൂയോർക്ക് സിറ്റി, സാൻ ഫ്രാൻസിസ്കോ, ബ്രസീലിലെ സാവോ പോളോ എന്നിവയാണ് മറ്റു നഗരങ്ങൾ. ഉബെറിന്റെ അപ്പീൽ പരാജയപ്പെട്ടാൽ, അത് വിപണിയിൽ വലിയ വിടവ് സൃഷ്ടിക്കുമെന്ന് പലരും കരുതുന്നു. ഉബെറിന്റെ സേവനങ്ങൾ ജനങ്ങൾ എത്രത്തോളം ഇഷ്ടപെടുന്നുവെന്ന് അവർക്കുള്ള ജനപ്രീതിയിൽ നിന്നുതന്നെ വ്യക്തമാണെന്ന് ബിസിനസ് ഗ്രൂപ്പ്‌ ആയ സിബിഐ പറഞ്ഞു. എന്നാൽ ഉബെറിന്‌ വീഴ്ച പറ്റിയെന്നു ചിന്തിക്കുന്ന യുണൈറ്റ് യൂണിയൻ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ഉബെറിന് മറ്റു രാജ്യങ്ങളിലും സുരക്ഷാ പ്രശ്നങ്ങൾ മൂലം സേവനം നിർത്തിവെക്കേണ്ടതായി വന്നിട്ടുണ്ട്. 2017ൽ ഡെൻമാർക്കിലും പിന്നീട് ബൾഗേറിയ, ഹംഗറി, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും ഉബെറിന് തങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടതായി വന്നു.