ലണ്ടനിലെ യൂബര്‍ ഉപയോക്താക്കള്‍ക്ക് അധിക ഫീസ് ഏര്‍പ്പെടുത്തി ഊബര്‍. ‘ക്ലീന്‍ എയര്‍ ഫീ’ എന്ന പേരില്‍ മൈലിന് 15 പെന്‍സ് വീതമാണ് അധികമായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെ സമാഹരിക്കുന്ന തുക ഡ്രൈവര്‍മാര്‍ക്ക് ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് കാറുകള്‍ വാങ്ങാന്‍ നല്‍കുമെന്നാണ് യൂബര്‍ നല്‍കുന്ന വിശദീകരണം. വരുന്ന കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ 200 മില്യന്‍ പൗണ്ട് ഇതിലൂടെ സമാഹരിക്കാനാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു. പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രമോട്ട് ചെയ്യുകയാണ് ലക്ഷ്യം. ആഴ്ചയില്‍ ശരാശരി 40 മണിക്കൂറെങ്കിലും ആപ്പ് ഉപയോഗിക്കുന്ന ഡ്രൈവര്‍ക്ക് മലിനീകരണ മുക്തമായ കാര്‍ വാങ്ങാന്‍ വരുന്ന രണ്ടു വര്‍ഷത്തിനുള്ളിലാണെങ്കില്‍ 3000 പൗണ്ടും മൂന്നു വര്‍ഷത്തിനുള്ളിലാണെങ്കില്‍ 4500 പൗണ്ടും നല്‍കാനാണ് തീരുമാനം. ശരാശരി ട്രിപ്പിന് 45 പെന്‍സ് എങ്കിലും ക്ലീന്‍ എയര്‍ ഫീയായി ലഭിക്കുമെന്നാണ് യൂബര്‍ കണക്കാക്കുന്നത്.
2021നുള്ളില്‍ ലണ്ടനില്‍ കബറിനു കീഴില്‍ സര്‍വീസ് നടത്തുന്ന 20,000 കാറുകള്‍ ഇല്ക്രിക് ആക്കി മാറ്റണമെന്നാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. 2025ഓടെ ഇത് ഇരട്ടിയാക്കാനാണ് നീക്കം. ബ്രിട്ടീഷ് തലസ്ഥാനത്ത് ഇപ്പോള്‍ 45000 ഊബര്‍ ഡ്രൈവര്‍മാരുണ്ടെന്നാണ് കണക്ക്. എന്നാല്‍ അധിക ഫീസ് ഏര്‍പ്പെടുത്തിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ചാര്‍ജുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള അടവ് മാത്രമാണ് ഇതെന്നും മറ്റുള്ളവരുടെ ചെലവില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണെന്നും പല ഉപയോക്താക്കളും കുറ്റപ്പെടുത്തുന്നു. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി യൂബര്‍ അവതരിപ്പിക്കുന്നതെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ദാര ഖോസ്രോവ്ഷാഹി പറഞ്ഞു.
ലണ്ടന്‍ നഗരം നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്നായ മലിനീകരണം നിയന്ത്രിക്കാന്‍ മേയര്‍ സാദിഖ് ഖാന്‍ നടത്തുന്ന ഉദ്യമങ്ങള്‍ക്ക് ഒരു സഹായമെന്ന നിലയിലാണ് കമ്പനി പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്ക് മാറാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി നിക്ഷേപിക്കുന്ന 200 മില്യന്‍ പൗണ്ട് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതാണ്. 2025ഓടെ എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം യൂബറിന്റെ ഈ നീക്കം ഡ്രൈവര്‍മാര്‍ക്ക് ഉപകാരമാകാന്‍ സാധ്യതയില്ലെന്നാണ് ലൈസന്‍സ്ഡ് ടാക്‌സി ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സ്റ്റീവ് മക്‌നാര പ്രതികരിച്ചത്. യൂബര്‍ ഡ്രൈവര്‍മാര്‍ മിനിമം ശമ്പളം പോലുമില്ലാതെ ഏറെ നേരം ജോലി ചെയ്യുകയാണ്. കമ്പനിയുടെ ഈ ശ്രമം മേയറുടെ ഗുഡ്ബുക്കില്‍ കയറിപ്പറ്റാനുള്ള പിആര്‍ ജോലി മാത്രമാണ്. ഇല്ക്ട്രിക് ആണെങ്കിലും അല്ലെങ്കിലും ലണ്ടന്‍ നഗരത്തില്‍ 40,000 കാറുകള്‍ ഉണ്ടാക്കുന്നത് വന്‍ ഗതാഗതക്കുരുക്കാണെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply