ലണ്ടന്‍: ലോകമൊട്ടാകെയുള്ള 57 ദശലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലുമായി ഊബര്‍. പേരുകള്‍, ഇമെയില്‍ അഡ്രസുകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവയാണ് തങ്ങളുടെ സെര്‍വറില്‍ നിന്ന് ചോര്‍ന്നതെന്നാണ് ഊബര്‍ വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം നടന്ന ചോര്‍ത്തലിന്റെ വിവരങ്ങള്‍ ഇപ്പോളാണ് ഊബര്‍ പുറത്തുവിട്ടത്. 2016 ഒക്ടോബറില്‍ നടന്ന ഹാക്കിംഗിനേക്കുറിച്ച് കമ്പനിയുടെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ആയിരുന്ന ട്രാവിസ് കലാനിക്കിന് അറിയാമായിരുന്നുവെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു,.

ഇത്രയും വലിയ ഡേറ്റ മോഷണത്തേക്കുറിച്ചുള്ള വിവരം കമ്പനി ഒരു വര്‍ഷത്തോളം മറച്ചുവെക്കുകയായിരുന്നു. ഈ വിവരങ്ങള്‍ക്കു പകരം ഹാക്കര്‍മാര്‍ വന്‍ തുക ആവശ്യപ്പെട്ടതായാണ് വിവരം. എന്നാല്‍ ആരാണ് ഈ ഹാക്കിംഗിന് പിന്നിലെന്ന കാര്യം വ്യക്തമല്ല. ഊബര്‍ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ജോ സള്ളിവനും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിമാരില്‍ ഒരാളും ഈയാഴ്ച കമ്പനി വിട്ടിരുന്നു. സെപ്റ്റംബറില്‍ ചുമതലയേറ്റ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഡാറ ഖോസ്രോഷാഹിയാണ് ഡേറ്റ ചോര്‍ന്ന വിവരം അറിയിച്ചത്. അമേരിക്കയിലെ 6 ലക്ഷം ഡ്രൈവര്‍മാരുടേതുള്‍പ്പെടെ 70 ലക്ഷം ഡ്രൈവര്‍മാരുടെ വിവരങ്ങളും ചോര്‍ന്നതായാണ് വെളിപ്പെടുത്തല്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അവരുടെ പേരുകളും മറ്റു വിവരങ്ങളും കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ് വിശദാംശങ്ങളും മോഷ്ടിക്കപ്പെട്ടു. ഈ വിവരങ്ങള്‍ ഇതുവരെ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നാണ് ഊബര്‍ അവകാശപ്പെടുന്നത്. ചോര്‍ത്തലിന് വിധേയമാക്കപ്പെട്ട അക്കൗണ്ടുകള്‍ ഫ്‌ളാഗ് ചെയ്തിട്ടുണ്ടെന്നും അവ ദുരുപയോഗം ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ സംരക്ഷിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ഉപയോക്താക്കള്‍ തങ്ങളുടെ ഊബര്‍ അക്കൗണ്ടുകള്‍ പരിശോധിക്കണമെന്നും ദുരുപയോഗം നടന്നതായി സംശയം തോന്നിയാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കമ്പനി അറിയിച്ചു.