ഈഗിള്‍വുഡ്: 122 കിലോ ഭാരമുള്ളയാള്‍ പുറത്തു കയറി ഇരുന്നതിനേത്തുടര്‍ന്ന് ആറുവയസുള്ള മകന്‍ ശ്വാസം മുട്ടി മരിച്ചു. ക്രിസ്തുമസ് ദിവസം വീഡിയോ ഗെയിം കളിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. അച്ഛനായ ജെയിംസ് ഡിയര്‍മാനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു. കുട്ടിയുടെ ഏഴ് വയസുളള സഹോദരന്റെ കണ്‍മുന്നിലായിരുന്നു സംഭവം നടന്നത്. ഇവന്‍ നല്‍കിയ മൊഴി പ്രകാരമാണ് പിതാവിനെതിരെ കേസെടുത്തിട്ടുളളത്. രാത്രി ഏഴരയോടെ കുട്ടികളോട് ഉറങ്ങാന്‍ അച്ഛന്‍ ജെയിംസ് ഡിയര്‍മാന്‍ നിര്‍ദേശിച്ചു. അയാളും കാമുകി ആഷ്‌ലി കോളും വീഡിയോ ഗെയിം കളിക്കുകയായിരുന്നു.
കുട്ടികള്‍ ഉറങ്ങാന്‍ പോകാതിരുന്നത് ഡിയര്‍മാനെ കോപിഷ്ഠനാക്കി. രണ്ട് പേരും ഭിത്തിയിലേക്ക് നോക്കി നില്‍ക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ആറ് വയസുകാരനായ കുട്ടി ഇതിനിടയില്‍ വീഡിയോ ഗെയിം നോക്കി നില്‍ക്കുന്നത് ഇയാളുടെ ശ്രദ്ധയില്‍ പെട്ടു. ഇതില്‍ കുപിതനായ പിതാവ് കുട്ടിയെ സോഫയില്‍ ഇരുത്തിയ ശേഷം മുകളില്‍ കയറി ഇരിക്കുകയായിരുന്നു. കുട്ട ശ്വാസം കിട്ടാതെ നിലവിളിക്കുന്നത് ശ്രദ്ധിക്കാതെ ഇയാള്‍ ഗെയിം കളിക്കുന്നത് തുട
രുകയായിരുന്നു.

കുട്ടിക്ക് അനക്കമില്ലെന്ന് പിന്നീടാണ് ദമ്പതിമാരുടെ ശ്രദ്ധയില്‍ പെട്ടത്. ഇതോടെ താന്‍ ഗാരേജിലേക്ക് ഓടിപ്പോയെന്ന് ആഷ്‌ലി കോള്‍ പറഞ്ഞു. 911ലേക്ക് വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചതിനേത്തുടര്‍ന്ന് പാരാമെഡിക്കല്‍ സംഘം എത്തി പരിശോധിച്ച ശേഷം കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്. ഡിയര്‍മാനെ ഇപ്പോള്‍ സാറാസോട്ടോ കൗണ്ടി ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കൊലപാതകം നിഷ്ഠൂരമാണെന്ന് അധികൃതര്‍ പ്രതികരിച്ചു.