ലണ്ടന്‍: കുറ്റകൃത്യങ്ങള്‍ നേരിട്ട് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനമൊരുക്കുമെന്ന് ടാക്‌സി സര്‍വീസായ ഊബര്‍. ഇതിനായി പ്രത്യേക ഫോണ്‍ലൈന്‍ തയ്യാറാക്കുമെന്നും ഓണ്‍ലൈന്‍ ടാക്‌സി കമ്പനി അറിയിച്ചു. ലൈംഗിക കുറ്റകൃത്യങ്ങള്‍ ശരിയായ വിധത്തിലും സമയത്തും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ യാത്രക്കാരുടെ സുരക്ഷയില്‍ ഉറപ്പ് പറയാനാകില്ലെന്ന് കഴിഞ്ഞ വര്‍ഷം ഒരു മെട്രോപോളിറ്റന്‍ പോലീസ് ഓഫീസര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രതികരണങ്ങള്‍ മുഖവിലക്കെടുത്തുകൊണ്ട് തങ്ങള്‍ നയം മാറുകയാണെന്ന് ഊബര്‍ അറിയിച്ചു. ലണ്ടനില്‍ സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനാല്‍ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്റെ നടപടിക്കെതിരെ അപ്പീല്‍ നല്‍കിയിരിക്കുകയാണ് കമ്പനി.
ഊബര്‍ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തിലല്ലെന്നായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ കഴിഞ്ഞ വര്‍ഷം അഭിപ്രായപ്പെട്ടത്. ഗുരുതരമായ വിഷയങ്ങള്‍ ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുന്ന സംവിധാനം നേരത്തേതന്നെ ലണ്ടനില്‍ നടപ്പാക്കിയിരുന്നെന്നും മറ്റ് പോലീസ് സേനകളുമായി സംസാരിച്ചു കൊണ്ട് യുകെ മുഴുവന്‍ ഈ പദ്ധതി നടപ്പാക്കാനുള്ള ഉദ്യമത്തിലാണ് കമ്പനിയെന്നുമാണ് ഊബര്‍ അറിയിക്കുന്നത്. വലിയ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഊബര്‍ പ്രോത്സാഹനം നല്‍കിയിട്ടേയുള്ളു. ഇത്തരം കേസുകള്‍ കമ്പനി വീണ്ടും വിലയിരുത്തി വരികയാണെന്നും അവയില്‍ കൂടുതല്‍ ശ്രദ്ധയാവശ്യപ്പെടുന്നവയുണ്ടോ എന്ന് പഠിക്കുമെന്നും ഊബര്‍ വ്യക്തമാക്കി.
എന്നാല്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുള്ള അലംഭാവമാണ് കമ്പനിയുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കാനുള്ള പ്രധാന കാരണമെന്നായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ വര്‍ഷം മെറ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ നെയില്‍ ബില്ലനി എഴുതിയ ഒരു കത്ത് സണ്‍ഡേ ടൈംസ് പുറത്തു വിട്ടിരുന്നു. ഡ്രൈവര്‍മാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കമ്പനി മടിക്കുകയാണെന്നും അവയിലുണ്ടാകുന്ന കാലതാമസം യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലാണെന്നും കത്തില്‍ പറഞ്ഞിരുന്നു. ലൈംഗിക കുറ്റകൃത്യങ്ങളുള്‍പ്പെടെയുള്ള സംഭവങ്ങളാണ് ഈ വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
Leave a Reply