യൂണിവേഴ്‌സിറ്റി അപേക്ഷകളില്‍ കറുത്ത വര്‍ഗക്കാരായ വിദ്യാര്‍ത്ഥികളോട് വിവേചനം കാണിച്ചതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ യൂണിവേഴ്‌സിറ്റി ആന്റ് കോളേജ് അഡിമിനിസ്‌ട്രേഷന്‍ സര്‍വീസ് (യുസിഎഎസ്) ഉത്തരവിട്ടിട്ടുണ്ട്. 100ലധികം കറുത്തവരായ അപേക്ഷകരോട് കൂടുതല്‍ വിവരങ്ങള്‍ യുസിഎഎസ് ഉദ്യോഗസ്ഥര്‍ ചോദിച്ച് മനസിലാക്കിയതായി ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ റിക്വസ്റ്റ് പ്രകാരം ലഭ്യമായ രേഖകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. വെളുത്ത വര്‍ഗക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളും കറുത്തവരില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളിലും വ്യത്യാസമുണ്ടെന്ന് രേഖകള്‍ ചൂണ്ടികാണിക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
ബ്രിട്ടനില്‍ നിന്നുള്ള 419 കറുത്തവരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷകള്‍ക്കൊപ്പം അധിക രേഖകള്‍ ഹാജരാക്കേണ്ടി വന്നതായി ദി ഗാര്‍ഡിയന്‍ പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. എന്നാല്‍ വെളുത്തവരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത്തരം രേഖകളുടെ ആവശ്യമുണ്ടായിരുന്നില്ല. അപേക്ഷകരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ രണ്ട് മാര്‍ഗങ്ങളാണ് യുസിഎഎസിനുള്ളത്. വെബ്‌സൈറ്റ് വഴി ശേഖരിക്കുന്നതും നേരിട്ട് ഉദ്യോഗസ്ഥര്‍ നടത്തുന്ന അഭിമുഖത്തിലൂടെയുമാണത്. എന്നാല്‍ ഇവയിലൊന്നും ഉദ്യോഗാര്‍ത്ഥിയുടെ വംശീയ വിവരങ്ങള്‍ ആവശ്യപ്പെടുകയില്ലെന്ന് യുസിഎഎസ് അധികൃതര്‍ വ്യക്തമാക്കുന്നു. വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി വളരെ കൃത്യമായ അന്വേഷണം അടിയന്തരമായി നടത്തേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ഇത്തരം വംശീയപരമായ നടപടികള്‍ ഉണ്ടായി എന്നത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണ്. വിദ്വേഷപ്രവൃത്തിക്ക് യാതൊരുവിധ ന്യായീകരണവും നല്‍കാന്‍ യുസിഎഎസിന് അര്‍ഹതയില്ലെന്നും ലേബര്‍ ഷാഡോ എജ്യൂക്കേഷന്‍ സെക്രട്ടറി ആഞ്ചല റൈനര്‍ പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ക്ക് തടയിടുന്നതിനായി യുസിഎഎസ് എത്രയും പെട്ടന്ന് നടപടികള്‍ സ്വീകരിക്കണമെന്നും റൈനര്‍ ആവശ്യപ്പെട്ടു. വിന്‍ഡ്‌റഷ് ജനറേഷനിലുള്ള കുടിയേറ്റക്കാരുടെ ഇമിഗ്രേഷന്‍ രേഖകള്‍ ഹോം ഓഫീസില്‍ നിന്ന് നശിപ്പിക്കപ്പെട്ടത് വിവാദമായതിനു പിന്നാലെയാണ് സര്‍ക്കാരിനെതിരെ പുതിയ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.
Leave a Reply