ഷെറിൻ പി യോഹന്നാൻ
തന്റെ കുടുംബജീവിതത്തിൽ സന്തോഷം കണ്ടെത്താൻ ഷൈനിക്ക് കഴിയുന്നില്ല. അതിന് കാരണങ്ങൾ പലതുണ്ട്. കിടപ്പിലായ അമ്മായിയമ്മയെ ശുശ്രൂഷിക്കുക എന്നത് തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മൂത്രത്തിന്റെയും മലത്തിന്റെയും ഗന്ധമാണ് ആ വീട് നിറയെ എന്ന് ഷൈനി പറയും. ഭർത്താവും ഒപ്പമില്ല. അതിനാൽ മറ്റൊരു ബന്ധത്തിലൂടെ മാനസികമായും ശാരീരികമായും അവൾ ആശ്വാസം കണ്ടെത്തുന്നു.ഷൈനിയുടെ അമ്മായിയപ്പനായ കുട്ടിച്ചന് കാഴ്ച കുറവാണെങ്കിലും കിടപ്പിലായ ഭാര്യയെ അയാൾ സ്നേഹത്തോടെ പരിപാലിക്കുന്നുണ്ട്. അങ്ങനെയിരിക്കെ ഷൈനിയുടെ കാമുകൻ ഒരു രാത്രി ആ വീട്ടിലെത്തുന്നു.
കഥ നടക്കുന്ന വീടിനെയും പരിസരത്തെയും കഥാപാത്രങ്ങളെയും കൃത്യമായി എസ്റ്റാബ്ലിഷ് ചെയ്തുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. പ്രധാനമായും ഒരു രാത്രി നടക്കുന്ന കഥ. ഭൂരിഭാഗം സമയവും സ്‌ക്രീനിൽ മൂന്നു കഥാപാത്രങ്ങൾ മാത്രം. വളരെ ഡാർക്ക് ആയ, വയലൻസ് നിറഞ്ഞ രംഗങ്ങൾ ഉൾകൊള്ളുന്ന ചിത്രം. ഒപ്പം കുട്ടിച്ചൻ, ഷൈനി എന്നീ കഥാപാത്ര സൃഷ്ടികളും മികച്ചു നിൽക്കുന്നു.
ഷൈനിക്ക് അവളുടേതായ ശരികളുണ്ട്; കുട്ടിച്ചനും. എന്നാൽ രണ്ടാം പകുതിയിൽ വേട്ടക്കാരന്റെ പക്ഷം ചേരാനാണ് പ്രേക്ഷകൻ ആഗ്രഹിക്കുക. ഇമോഷണൽ സീനുകൾ ഫലം കാണുന്നതും അവിടെയാണ്. ഇന്ദ്രൻസിന്റെ കഥാപാത്രത്തിന് ഒരു മാസ്സ് പരിവേഷം നൽകുന്നതിനോടൊപ്പം പ്രേക്ഷകനുമായി വൈകാരിക ബന്ധം സൃഷ്ടിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഇന്ദ്രൻസ്, ദുർഗ കൃഷ്ണ എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ശക്തി. രണ്ടാം പകുതിയിലെ മിക്ക സീനുകളും ഗംഭീരമാകുന്നത് ഇരുവരുടെയും പ്രകടനത്തിലൂടെയാണ്.
വളരെ പതുക്കെയുള്ള കഥപറച്ചിൽ രീതിയിലാണ് ആരംഭം എങ്കിലും ഇടവേളയോടെ പ്രേക്ഷകനെ എൻഗേജിങ് ആക്കാൻ ചിത്രത്തിന് സാധിക്കുന്നു. വലിയൊരു കഥയോ ശക്തമായ സബ്പ്ലോട്ടുകളോ ഇവിടെ കാണാൻ കഴിയില്ലെങ്കിലും ആഖ്യാന മികവിലൂടെ പ്രേക്ഷകരിൽ ഉദ്വേഗം ജനിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. രണ്ടാം പകുതി മുഴുവൻ ഒരു ചോരക്കളിയാണ്.
ധ്യാൻ ശ്രീനിവാസന്റെ പ്രകടനം അത്ര മികച്ചതായി അനുഭവപ്പെട്ടില്ല. പല സീനുകളിലും ‘അടി കപ്യാരെ കൂട്ടമണി’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിയോട് സാമ്യം തോന്നി. പ്രേക്ഷകരിൽ ഭയം ജനിപ്പിക്കുന്ന തരത്തിലുള്ള പ്രകടനവും ധ്യാനിൽ മിസ്സിംഗ് ആയിരുന്നു. രണ്ട് മണിക്കൂറിൽ കഥ അവസാനിക്കുന്നുണ്ടെങ്കിലും പലയിടത്തും അനാവശ്യ വലിച്ചുനീട്ടൽ കാണാം. ചിലയിടങ്ങളിൽ നിശബ്ദത പോലും ഭയം ജനിപ്പിക്കുന്നുണ്ട്. എന്നാൽ തുടർച്ചയായി ത്രില്ലടിപ്പിക്കാൻ ചിത്രത്തിന് കഴിയാതെ പോകുന്നുമുണ്ട്. പശ്ചാത്തല സംഗീതം ശരാശരി നിലവാരം പുലർത്തുന്നു.
Last Word – വളരെ ഡാർക്ക് ആയ, വയലൻസ് നിറഞ്ഞ ഒരു ചിത്രം. (18+) ഇന്ദ്രൻസ്, ദുർഗ എന്നിവരുടെ ഗംഭീര പ്രകടനങ്ങളാണ് ചിത്രത്തിന്റെ നട്ടെല്ല്. Don’t Breathe പോലുള്ള ചിത്രങ്ങൾ കണ്ടിട്ടുള്ളവർക്ക് ഇതൊരു പുതിയ കാഴ്ച അല്ല. എന്നാൽ ആഖ്യാന മികവിലൂടെ ‘ഉടൽ’ ഉദ്വേഗജനകമായ കാഴ്ചയായി മാറുന്നു. ഇത്തരം ചിത്രങ്ങൾ തിയേറ്ററിൽ തന്നെ കാണാൻ ശ്രമിക്കുക.
Leave a Reply