ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പ്രേംകുമാർ കാമുകി സുനിതയോടൊപ്പം 2 മാസം ഒരുമിച്ചു ജീവിച്ചപ്പോൾ പ്രശ്നങ്ങളുടലെടുത്തതായി പൊലീസ്. പ്രേംകുമാർ തന്നെയും അപായപ്പെടുത്തുമെന്നു സുനിത ഭയപ്പെട്ടു. കൊലപാതകത്തിനു ശേഷം പ്രേംകുമാറും പരിഭ്രമത്തിലായിരുന്നു. സുനിത ഹൈദരാബാദിലേക്കു തിരിച്ചുപോകാൻ ഒരുങ്ങിയിരുന്നു. പ്രേംകുമാർ ഗൾഫിലേക്കു കടക്കാനും ആലോചിച്ചിരുന്നതായി പൊലീസ് പറയുന്നു.

കൂസലില്ലാതെയാണു പ്രതികൾ പെരുമാറിയതെന്നു പൊലീസ്. തലയിൽ നിന്നു വലിയൊരു ഭാരമൊഴിഞ്ഞുവെന്നാണ്, പിടിയിലായപ്പോൾ പ്രേംകുമാർ പറഞ്ഞത്. കുറ്റബോധമോ വിഷമമോ ഇല്ലാതെയാണ് ഇന്നലെ കോടതി മുറിയിലും പൊലീസ് സ്റ്റേഷനിലും ഇവർ നിന്നത്.

മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും

പ്രതികളെ കസ്റ്റഡിയിൽ ലഭിച്ച ശേഷം തമിഴ്നാട് വള്ളിയൂരിലും തിരുവനന്തപുരം പേയാട്ടും അടക്കം എത്തിച്ചു തെളിവെടുക്കുമെന്നു പൊലീസ് അറിയിച്ചു. മൃതദേഹത്തിന്റെ തലയോട്ടിയടക്കമുള്ള ഭാഗങ്ങൾ സൂക്ഷിച്ച ശേഷമാണു പൊലീസ് വിദ്യയുടെ സംസ്കാരം നടത്തിയത്. മൃതദേഹം പുറത്തെടുത്തു പരിശോധിക്കും. ഡിഎൻഎ പരിശോധനയും നടത്തും.

ഉദയംപേരൂർ ഇൻസ്പെക്ടർ കെ. ബാലന്റെ നേതൃത്വത്തിൽ എസ്ഐമാരായ ബാബു മാത്യു, പ്രസന്ന പൗലോസ്, എഎസ്ഐമാരായ രാജീവ്, റോബർട്ട്, ദിലീപ്, സീനിയർ സിപിഒമാരായ ജോസ്, എം.ജി. സന്തോഷ്, സിപിഒ സജിത് പോൾ, ദീപ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.

ഭാര്യ മകന്റെ കാര്യം മറച്ചു വച്ചുവെന്ന് പ്രേംകുമാർ

പ്രേംകുമാറും വിദ്യയും പരിചയപ്പെടുന്നതു 15 വർഷം മുൻപ് ഫോൺ കോളിലൂടെയാണ്. മൂവാറ്റുപുഴയിൽ ഒരു ഹോട്ടലിൽ സൂപ്പർവൈസറായിരുന്നു പ്രേംകുമാർ. ബന്ധുവായ ദീപക്കിനെ ഹോട്ടലിൽ വച്ച് കാണാതായെന്ന പരാതി പറയാനാണു വിദ്യ ഫോൺ ചെയ്തത്. ഇതിലൂടെയുണ്ടായ പരിചയം വിവാഹത്തിലെത്തി. തേവരയിലടക്കം പല ഭാഗങ്ങളിൽ ഇവർ വാടകയ്ക്കു താമസിച്ചു. 6 മാസമായി ഉദയംപേരൂരിലായിരുന്നു.

മുൻ ബന്ധത്തിലുള്ള മകനെ കസിൻ എന്നു പറഞ്ഞ് വിദ്യ തന്നെ പരിചയപ്പെടുത്തിയെന്നും വർഷങ്ങളോളം മറച്ചു വച്ച സത്യം പീന്നീട് അറിഞ്ഞപ്പോൾ മാനസികമായി തകർന്നുവെന്നും ഇതും വൈരാഗ്യത്തിനു കാരണമായെന്നും പ്രേംകുമാർ പൊലീസിനോടു പറഞ്ഞു. ഒരു മകളുള്ള കാര്യം മാത്രമാണ് വിദ്യ പ്രേംകുമാറിനോടു പറഞ്ഞിരുന്നത്.

വിദ്യയെ നേരത്തെ 4 തവണ കാണാതായിരുന്നുവെന്ന് പ്രേം പൊലീസിനോടു പറഞ്ഞു. ആദ്യ വിവാഹത്തിലെ മക്കളുടെ കൂടെ താമസിക്കാൻ പോയെന്നാണു തിരിച്ചെത്തിയ ശേഷം വിദ്യ വിശദീകരിക്കാറത്രേ.

പ്രേംകുമാറും നേരത്തെ വിവാഹിതനായിരുന്നുവെന്നു സൂചനയുണ്ടെങ്കിലും ആദ്യ വിവാഹമെന്നാണ് ഇയാൾ മൊഴി നൽകിയത്.

ഇയാൾ എറണാകുളം ജില്ലയിൽ വിവിധ ഹോട്ടലുകളിൽ മാനേജരായിരുന്നു. പിന്നീട്, 2 തവണയായി 4 വർഷത്തോളം ഗൾഫിൽ ജോലി നോക്കി. 2015 ലാണു തിരിച്ചെത്തിയ ശേഷമാണ് റിക്രൂട്മെന്റ് സ്ഥാപനം തുടങ്ങിയത്. സുനിതയുടെ ഭർത്താവും മക്കളും ഹൈദരാബാദിലാണ്.

‘ഉപേക്ഷിക്കാമായിരുന്നല്ലോ,കൊന്നതെന്തിന്?’

‘അവളെ വേണ്ടെങ്കിൽ ഉപേക്ഷിക്കാമായിരുന്നല്ലോ, കൊല്ലണമായിരുന്നൊ?’ – ചേർത്തല ചാരമംഗലത്തെ വീട്ടിലിരുന്നു വിദ്യയുടെ മാതാവ് സുന്ദരാമ്മാൾ പറഞ്ഞു. വിദ്യയുടെ പിതാവ് തമ്പി വർഷങ്ങൾക്കു മുൻപു മരിച്ചു.

മൃതദേഹം വില്ലയിൽ സൂക്ഷിച്ചത് 14 മണിക്കൂർ

സെപ്റ്റംബർ 21നു പുലർച്ചെ രണ്ടു മണിയോടെ തിരുവനന്തപുരത്തെ പേയാട്ടെ വില്ലയിൽ വച്ച് വിദ്യയെ കൊലപ്പെടുത്തി മൃതദേഹം ശുചിമുറിയിലേക്ക് മാറ്റിയശേഷം ഭർത്താവ് പ്രേംകുമാറും കാമുകി സുനിതയും കിടന്നുറങ്ങി.

രാവിലെ, സുനിത പതിവുപോലെ ആശുപത്രിയിൽ ജോലിക്കു പോയി. പ്രേംകുമാറാകട്ടെ, കറങ്ങി നടന്നു സമയം കളഞ്ഞു. ക്ഷമകെട്ട്, പ്രേംകുമാർ തന്നെ 2 മണിയോടെ ആശുപത്രിയിലെത്തി സുനിതയെ വിളിച്ചിറക്കിക്കൊണ്ടു പോകുകയായിരുന്നു. മൃതദേഹം മറവു ചെയ്യാൻ, പ്രേംകുമാർ ഒരു സഹപാഠിയുടെ സഹായം തേടിയെങ്കിലും ലഭിച്ചില്ല.

വിദ്യയുടെ മൃതദേഹം 21നു വൈകിട്ട് പ്രേമും സുനിതയും ചേർന്ന് കാറിൽ കൊണ്ടുപോയി. മൃതദേഹം കാറിൽ കയറ്റി പിൻസീറ്റിൽ ഇരുത്തുകയായിരുന്നു.
മൃതദേഹം ചരിഞ്ഞു വീഴാതിരിക്കാൻ പിന്നിൽ തോളിൽ കയ്യിട്ട് സുനിതയും ഇരുന്നുവെന്ന് പൊലീസ് പറയുന്നു. തിരുനെൽവേലി – നാഗർകോവിൽ ദേശീയപാതയിൽ രാധാപുരം നോർത്ത് വള്ളിയൂരിൽ ഏർവാടി ഓവർബ്രിജിനു സമീപത്തെ കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു.

സെപ്റ്റംബർ 20നാണ് പ്രേംകുമാർ വിദ്യയുടെ ഫോൺ എറണാകുളത്തു നേത്രാവതി എക്സ്പ്രസ് ട്രെയിനിലെ കുപ്പത്തൊട്ടിയിൽ ഇട്ടത്. പിന്നീടുണ്ടാകുന്ന അന്വേഷണം വഴിതിരിച്ചു വിടാനായിരുന്നു ഈ സിനിമാ തന്ത്രം. പിന്നീട്, കഴുത്തിന് അസുഖമുള്ള വിദ്യയെ ഡോക്ടറെ കാണിക്കാമെന്നു പറഞ്ഞ് തിരുവനന്തപുരത്തേക്കു കൊണ്ടുപോകുകയായിരുന്നു. അർധരാത്രിയോടെ പേയാട്ടെ വില്ലയിലെത്തി.പ്രേമിന്റെ പ്രേരണയിൽ അമിതമായി മദ്യപിച്ച വിദ്യ ബോധംകെട്ട് ഉറങ്ങി.

പുലർച്ചെ കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. മുകൾനിലയിലുണ്ടായിരുന്ന സുനിത താഴെയെത്തി ഹൃദയമിടിപ്പു പരിശോധിച്ച് മരണം ഉറപ്പാക്കി. മൃതദേഹം മറവു ചെയ്ത ശേഷം കൊച്ചിയിൽ തിരിച്ചെത്തിയ പ്രേംകുമാർ വിദ്യയെ കാണാനില്ലെന്ന് ഉദയംപേരൂർ പൊലീസിൽ സെപ്റ്റംബർ 23ന് പരാതി നൽകി. സ്റ്റേഷനിലെത്തുമ്പോൾ സുനിത കാറിലുണ്ടായിരുന്നു. ഈ പരാതിയിൽ മൊബൈൽഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമ്പോൾ പൊലീസിനെ വഴിതെറ്റിക്കാനാണ് ആദ്യമേ ഫോൺ ട്രെയിനിൽ ഉപേക്ഷിച്ചത്.