നാഗമ്പടത്തെ പഴയ റെയിൽവേ മേൽപാലത്തിൽ രണ്ടു വട്ടം നിയന്ത്രിത സ്ഫോടനം നടത്തിയിട്ടും പാലം പൊളിക്കാൻ കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നില്ല. ഇതോടെ സ്ഫോടനം നടത്തി പാലം പൊളിക്കാനുള്ള ശ്രമം റെയിൽവേ കഴിഞ്ഞ ദിവസം വൈകിട്ടോടെ ഉപേക്ഷിച്ചു. 6 മണിക്കൂറിനിടെ രണ്ടു വട്ടം സ്ഫോടനം നടത്തിയെങ്കിലും പാലത്തിന്റെ ഒരു ശതമാനം പോലും തകർന്നില്ല. തുടർന്ന് രാത്രി 9 മണിയോടെ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു. പാലം തകർക്കുമ്പോഴുള്ള അവശിഷ്ടങ്ങൾ പാളത്തിലേക്ക് വീഴുമെന്നതിനാൽ രാവിലെ 9 മുതൽ ട്രെയിൻ ഗതാഗതം തടഞ്ഞു.

1955 ൽ നിർമ്മിച്ച നാഗമ്പടത്തെ റയിൽവേ മേൽപാലം പണിയുമ്പോൾ കോട്ടയത്ത് റെയിൽവേയിൽ അസിസ്റ്റന്റ് എൻജിനീയറായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട മെട്രോ മാൻ ഇ ശ്രീധരൻ. പാലം നിർമാണത്തിൽ അദ്ദേഹത്തിനും പങ്കുണ്ടായിരുന്നു. ‘നല്ല കരുത്തുള്ള പാലമാണത്. 2 തവണ ശ്രമിച്ചിട്ടും പാലം പൊളിക്കാൻ സാധിക്കുന്നില്ല എന്നതു തന്നെ പാലത്തിന്റെ കരുത്തിനെ കാണിക്കുന്നതാണ്’ ഇ ശ്രീധരൻ പറഞ്ഞു.

വിദേശങ്ങളിലൊക്കെ നിഷ്പ്രയാസം പാലം തകർക്കാനുള്ള സംവിധാനങ്ങളും തന്ത്രങ്ങളുമുണ്ട്. അത് ഇവിടെ പരീക്ഷിക്കാവുന്നതാണ്. മൾട്ടിപ്പിൾ ബ്ലാസ്റ്റിങ് എന്ന രീതിയാവും പാലം തകർക്കാൻ നല്ലത് എന്നും അദ്ദേഹം പറഞ്ഞു. ഒരേ സമയം 40– 50 ഇടങ്ങളിൽ ഡയനാമിറ്റ് വച്ച് അയൽ കെട്ടിടങ്ങൾക്കു കേടില്ലാതെ പാലം പൊളിക്കാവുന്ന രീതി ഫലപ്രദമാകുമെന്നുറപ്പാണന്നും ഇ ശ്രീധരൻ പറഞ്ഞു.

തിരൂപ്പൂരിലെ മാക്‌ലിങ്ക് ഇൻഫ്രാ പ്രൊജക്ട്സ് എന്ന സ്ഥാപനമാണു പാലം പൊളിക്കാൻ 35 ലക്ഷം രൂപയുടെ കരാർ എടുത്തത്. പൊളിക്കൽ പരാജയപ്പെട്ടതോടെ കമ്പനിക്കു പണം ലഭിക്കില്ല. ഇതേ കമ്പനി 2016ൽ ചെന്നൈയിൽ മൗലിവാക്കത്ത് അപകടാവസ്ഥയിലായിരുന്ന 11നില കെട്ടിടം നിയന്ത്രിത സ്ഫോടനത്തിൽ പൊളിച്ചിരുന്നു. പാലം പൊളിക്കൽ പരാജയപ്പെട്ടതു സംബന്ധിച്ചു കലക്ടർ പി.കെ. സുധീർ ബാബു റെയിൽവേയോടും കരാർ കമ്പനിയോടും വിശദീകരണം തേടി.

ട്രെയിന്‍ ഗതാഗതം ചുരുങ്ങിയ സമയം തടസപ്പെടുത്തി പാലം പൊളിച്ചുനീക്കാനുള്ള ആലോചനകളാണ് നിയന്ത്രിത സ്ഫോടനമെന്ന ആശയത്തില്‍ കലാശിച്ചത്. പാലം തകര്‍ക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതോടെ സ്ഫോടനമെന്ന ആശയം റെയില്‍വെ പൂര്‍ണമായും ഉപേക്ഷിച്ചു. ഒരിക്കൽ പരാജയപ്പെട്ട മാർഗം വീണ്ടും സ്വീകരിക്കരുതെന്നാണു റെയിൽവേ ചട്ടം. ഇതോടെ പാലം പൊളിക്കാന്‍ മറ്റു മാര്‍ഗങ്ങളാണ് റെയില്‍വെ പരിഗണിക്കുന്നത്. ക്രെയിനിന്‍റെ സഹായത്തോടെ പാളത്തിന് മുകളില്‍ നിന്ന് പാലം പൊക്കി മാറ്റിയ ശേഷം പൊളിച്ചു നീക്കുകയാണ് ഒരു വഴി. പാലത്തിന്റെ അടിയിൽ മറ്റൊരു താങ്ങ് നല്‍കിയ ശേഷം മെല്ലെ പൊളിച്ചു നീക്കുകയാണ് രണ്ടാംമാര്‍ഗം. പാലം മുറിച്ച് രണ്ടാക്കി മാറ്റി ക്രെയിനുകളുടെ സഹായത്തോടെ മാറ്റി പൊളിച്ചു നീക്കാനും പദ്ധതിയുണ്ട്.

ഘട്ടം ഘട്ടമായി ഗതാഗതം നിയന്ത്രിച്ച് പാലംപൊളിക്കാനുള്ള സാധ്യതകളാണ് റെയില്‍വെ നോക്കുന്നത്. പാലം പൊളിക്കൽ പൊളിഞ്ഞതു സംബന്ധിച്ച് കൊച്ചിയിലെ റെയിൽവേ എൻജിനീയറിങ് വിഭാഗം ചീഫ് ബ്രിജ് എൻജിനീയർക്കു റിപ്പോർട്ടു നൽകും. പാലം സ്ഫോടനത്തിലൂടെ പൊളിക്കാന്‍ തിരുപ്പൂര്‍ ആസ്ഥാനമായ കമ്പനിക്ക് 35ലക്ഷം രൂപയ്ക്കാണ് കരാര്‍ നല്‍കിയത്. ശ്രമം പരാജയപ്പെട്ടതോടെ റെയില്‍വെ പണം നല്‍കില്ല. പാലത്തില്‍ സ്ഥാപിച്ച സ്ഫോടകവസ്തുക്കളെല്ലാം പൂര്‍ണമായും നീക്കം ചെയ്തു. സ്ഫോടനത്തെ തുടര്‍ന്ന് പാലത്തിന് നേരിയതോതില്‍ ബലക്ഷയമുണ്ടായിട്ടുണ്ട്. ഇത് പരിഗണിച്ച് വേഗത കുറച്ചാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്.