ജോജി തോമസ്
കേരള കോൺഗ്രസ് ജോസ് കെ മാണി പക്ഷത്തെ പുറത്താക്കിയത് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ രാഷ്ട്രീയ നാടകമാണെന്നതിന്റെ സൂചനകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ജോസ് പക്ഷത്തെ പുറത്താക്കിയത് ജോസഫ് പക്ഷത്തെ വെട്ടിലാക്കാനാണെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. യുഡിഎഫ് നേതൃത്വവുമായി സാധ്യമായ മാർഗ്ഗങ്ങളിലൂടെയെല്ലാം ഏറ്റുമുട്ടാനും പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫിനോട് അടുക്കുവാനും കച്ചകെട്ടി ഇറങ്ങിയ ജോസഫ് പക്ഷമാണ് ഇപ്പോൾ യഥാർത്ഥത്തിൽ വെട്ടിലായിരിക്കുന്നത് .
എൽഡിഎഫിനെ ഭരണത്തുടർച്ച കിട്ടുമെന്ന് കരുതപ്പെടുന്ന സാഹചര്യത്തിൽ ഒരു മുന്നണി മാറ്റം ജോസഫ് പക്ഷത്തെ ഒട്ടുമിക്കവരുടെയും മനസ്സിലുണ്ടായിരുന്നു. ജോസ് പക്ഷവുമായി പോര് മുറുക്കി പുറത്ത് പോകാൻ കളമൊരുക്കുകയാണ് ജോസഫ് പക്ഷത്തിൻെറ ലക്ഷ്യമെന്ന് യുഡിഫിലെ ബുദ്ധികേന്ദ്രങ്ങൾക്ക് നേരത്തെതന്നെ സംശയം ഉണ്ടായിരുന്നു. പിണറായി വിജയൻെറ ഭരണത്തെ പുകഴ്ത്തി ഒരു പ്രമുഖ പത്രത്തിൽ പിജെ ജോസഫ് എഴുതിയ ലേഖനം വന്നപ്പോൾ കൂടുതൽ കാര്യങ്ങൾ വ്യക്തമായി . ഇതിൻെറ ഫലമായാണ് ഒരു മുഴം നീട്ടി കയറെറിഞ്ഞ് ജോസ് പക്ഷത്തെ പുറത്താക്കി ജോസഫിൻെറ എൽഡിഎഫ് പ്രവേശനസ്വപ്നം തല്ലികെടുത്താൻ യുഡിഫിനായത്. പെട്ടെന്നൊരു ദിവസം പുറത്താക്കലിന് ശേഷം ജോസ് പക്ഷ നേതാക്കൾ നടത്തിയ വാർത്താ സമ്മേളനത്തിലും യുഡിഎഫ് നേതൃത്വത്തിനുള്ള വിമർശനം മനപൂർവ്വം ഒഴിവാക്കുകയും ചെയ്തു.ഇതെല്ലം കൂട്ടിവായിക്കുമ്പോൾ ജോസ് പക്ഷത്തെ പുറത്താക്കിയത് താത്കാലികമായ ഒരു രാഷ്ട്രീയ നാടകത്തിൻെറ രംഗങ്ങളാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കൂട്ടിവായിക്കുന്നത്.
ജോസഫ് പക്ഷം എൽഡിഎഫിന് സ്വീകാര്യമാണ് . പക്ഷേ ജോസ് കെ മാണി പക്ഷത്തെ എതിർക്കുന്ന സിപിഐ ലാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ജോസ് പക്ഷം ബി ജെ പിയിലേക്ക് ചേക്കേറുന്നത് സഭാ നേതൃത്വവും എൻഎസ്എസും ശക്തമായി എതിർക്കും. അതുകൊണ്ടുതന്നെ ജോസ് പക്ഷത്തിന്റെ അവസാന ആശ്രയം യുഡിഎഫ് ആണ്. ഈ രാഷ്ട്രീയ നാടകത്തിന്റെ ഉള്ളു കള്ളികളെക്കുറിച്ച് ജോസ് വിഭാഗത്തിന് സൂചന ലഭിച്ചിട്ടുള്ളതായാണ് അറിയാൻ സാധിക്കുന്നത് . ഇപ്പോൾതന്നെ ജോസ് പക്ഷത്തെ പുറത്താക്കിയതിലുള്ള അതൃപ്തി കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളുമായി പങ്കുവെച്ചതായാണ് അറിവ്. എം.പി മാരുടെ നഷ്ടത്തിലൂടെ ഡൽഹിയിൽ പ്രതിപക്ഷത്തെ ഒന്നുകൂടി ദുർബലമാക്കുന്ന നടപടിക്ക് കോൺഗ്രസ് നേതൃത്വം ഒരിക്കലും കൂട്ടുനിൽക്കില്ല. ജോസ് പക്ഷത്തെ പുറത്തിക്കിയിട്ടില്ലെന്നുള്ള ഉരുണ്ടുകളിയുമായി രമേശ് ചെന്നിത്തല പത്രസമ്മേളനം നടത്തിയത് ഹൈക്കമാൻഡ് നൽകിയ ശക്തമായ താക്കീതിൻെറ ഫലമാണ്. ഈ നാടകങ്ങളുടെ എല്ലാം അവസാനം ജോസ് പക്ഷം പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ യുഡിഎഫിൽ തന്നെ ഉണ്ടാകുമെന്ന ഉറപ്പ് നേടിയെടുത്തതുണ്ടാവുമെന്നാണ് പലരും രഹസ്യമായി പങ്കു വയ്ക്കുന്ന വിവരം.
Leave a Reply