ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് നവംബര്‍ 19-ന് വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വയനാട് ഉരുള്‍പൊട്ടലിനെ അതിതീവ്രദുരന്തമായി പ്രഖ്യാപിക്കാത്തതിലും ദുരന്തബാധിതരോടുള്ള അവഗണനയിലും പ്രതിഷേധിച്ചാണ്ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ടി. സിദ്ദിഖ് എം.എല്‍.എ. വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പുനരധിവാസം വൈകുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഇനിയും കയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി. സിദ്ധിഖ് വ്യക്തമാക്കി. പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോ ഷൂട്ടിനായിരുന്നോ എന്നും എം.എല്‍.എ. ചോദിച്ചു. കടകള്‍ അടച്ചും വാഹനം നിരത്തിലിറക്കാതെയും ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ യു.ഡി.എഫ്. ആവശ്യപ്പെട്ടു. അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്നും യു.ഡി.എഫ്.നേതാക്കള്‍ പറഞ്ഞു. 19 ന് മൂന്ന് നിയോജക മണ്ഡലങ്ങളിലും പോസ്റ്റ് ഓഫീസ് മാര്‍ച്ചും നടത്തും.
ഉരുള്‍പൊട്ടലില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വഞ്ചനയ്ക്കും അനീതിയ്ക്കുമെതിരേയാണ് ചൊവ്വാഴ്ച വയനാട്ടില്‍ ഹര്‍ത്താല്‍ ആചരിക്കുന്നതെന്ന് എല്‍.ഡി.എഫ്. അറിയിച്ചു. ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നുള്ള കേരളത്തിന്റെ ആവശ്യം തള്ളുകയും പ്രത്യേകസഹായം നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ സി.കെ. ശശീന്ദ്രന്‍ അറിയിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
Leave a Reply