തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തിരഞ്ഞെടുപ്പ് അവലോകനമാണ് പ്രധാന അജണ്ട. കേരളാ കോൺഗ്രസ് എമ്മിലെ ഭിന്നതയും പോസ്റ്റൽ ബാലറ്റ് വിവാദവും കള്ളവോട്ടുമുൾപ്പെടെ യോഗത്തിൽ ചർച്ചയാകും.
വോട്ടർ പട്ടികയിലെ വെട്ടിമാറ്റൽ, പൊലീസിലെ പോസ്റ്റൽ വോട്ടിലെ തിരിമറി, കള്ളവോട്ട് തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റു കാര്യങ്ങളും യോഗം ചർച്ച ചെയ്യും. ഇക്കാര്യങ്ങളിലൊക്കെ നിയമ പോരാട്ട സാധ്യതകൾ ഉൾപ്പെടെ ചർച്ച ചെയ്യും. രാവിലെ 11ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ആണ് യുഡിഎഫ് യോഗം ചേരുക.
യുഡിഎഫിന്റെ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള അവലോകന യോഗങ്ങൾ നേരത്തേ പൂർത്തിയായിരുന്നു. ചുരുങ്ങിയത് 16 സീറ്റുകൾ ലഭിക്കുമെന്നതാണ് മുന്നണി നേതൃത്തിന്റെ കണക്കു കൂട്ടൽ. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ സംസ്ഥാനതല അവലോകനം ഇന്നത്തെ യോഗത്തിലുണ്ടാകും. കെ.എം.മാണിയുടെ വിയോഗത്തിനു പിന്നാലെ കേരളാ കോൺഗ്രസ് എമ്മിൽ ഉടലെടുത്തിരിക്കുന്ന ഭിന്നതയും യോഗത്തിൽ ചർച്ചയായേക്കും.
മുസ്‌ലിം ലീഗ് പ്രവർത്തകരുടെ കള്ളവോട്ട് മുന്നണിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ കൈക്കൊള്ളേണ്ട നിലപാടും യോഗത്തിൽ ധാരണയാകും. പോസ്റ്റൽ ബാലറ്റ് വിവാദവും ക്രൈംബ്രാഞ്ച് അന്വേഷണവും ഇടതുമുന്നണിക്കും സർക്കാരിനുമെതിരെ ആയുധമാക്കാനുള്ള ആലോചനയും യുഡിഎഫിനുണ്ട്.
	
		

      
      



              
              
              




            
Leave a Reply