യു.ഡി.എഫ് സീറ്റ് വിഭജനം ഇനിയും നീളും. ഇന്ദിരാഭവനില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി രാത്രി നടന്ന ചര്‍ച്ചയിലും ധാരണയായില്ല. മറ്റന്നാളാണ് ഇനി ചര്‍ച്ച. ഇന്നത്തെ യു.ഡി.എഫ് യോഗത്തിന് ശേഷം സീറ്റ് പട്ടിക പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. യോഗവും യോഗത്തിന് ശേഷം ഉഭയകക്ഷി ചര്‍ച്ചയും കഴിഞ്ഞിട്ടും കേരള കോണ്‍ഗ്രസുമായുള്ള തര്‍ക്കം തീര്‍ന്നില്ല.

12 സീറ്റെന്ന കടുപിടുത്തത്തില്‍ നിന്ന് അല്‍പം അയഞ്ഞ ജോസഫ് ആദ്യം കാഞ്ഞിരപ്പള്ളിയോ പൂഞ്ഞാറോ കൊടുക്കാമെന്ന് സമ്മതിച്ചു. ഒന്‍പതിനപ്പുറം നല്‍കില്ലെന്ന് അറിയിച്ച കോണ്‍ഗ്രസ് ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പേരാമ്പ്ര എന്നിവയില്‍ മൂന്നെണ്ണം ചോദിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പേരാമ്പ്ര വിട്ടുകൊടുത്താല്‍ മലബാറില്‍ കേരള കോണ്‍ഗ്രസിന് സാന്നിധ്യമില്ലാതാകും. അവസാനം പത്ത് സീറ്റില്‍ കേരള കോണ്‍ഗ്രസ് ഒതുങ്ങുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. കയ്പമംഗലത്ത് മല്‍സരിക്കാനില്ലെന്ന് ആര്‍.എസ്.പി ആവര്‍ത്തിച്ചു. പകരം റാന്നിയോ അമ്പലപ്പുഴയോ കിട്ടണം. സി.എം.പി നേതാവ് സി.പി ജോണിന് ജയസാധ്യതയുള്ള സീറ്റെന്നതിലും മാണി സി കാപ്പന് പാലായ്ക്ക് പുറമെ മറ്റൊരു സീറ്റെന്നതിലും തീരുമാനമായില്ല.

എല്‍.ഡി.എഫ് സീറ്റ് വിഭജനം നീളുന്നതും യു.ഡി.എഫില്‍ കാര്യങ്ങള്‍ മന്ദഗതിയിലാക്കി. ഇതിനിടെ യു.ഡി.എഫ് പ്രചാരണവാക്യം പുറത്തിറക്കി. നാട് നന്നാകാന്‍ യു.ഡി.എഫ് എന്ന തിരഞ്ഞെടുപ്പ് പ്രചാരണവാക്യം യു.ഡി.എഫ് യോഗത്തില്‍ പ്രകാശനം ചെയ്തു. ഐശ്വര്യകേരളം ലോകോത്തര കേരളം’ എന്നപേരില്‍ പ്രകടനപത്രിക ‘ ഉടന്‍ പുറത്തിറക്കുമെന്നും ചെന്നിത്തല പറഞ്ഞു.