കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നു പുറത്താക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളെത്തുടര്‍ന്നാണ് നടപടി. യുഡിഎഫ് തീരുമാനം അനീതിയാണെന്നും ഇത് സ്ഥാനത്തിന്റെ പ്രശ്‌നമല്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.

ജോസ് പക്ഷത്തിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു. പല തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും വഴങ്ങാതിരുന്ന ജോസ് വിഭാഗത്തെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു. ജോസ് കെ.മാണി പക്ഷം മുന്നണിയിലെ ധാരണ ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ.മാണി വിഭാഗം ഒഴിയണമെന്ന യുഡിഎഫിന്റെ തീരുമാനം അംഗീകരിക്കാന്‍ അവര്‍ തയാറായിരുന്നില്ല. പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗവുമായി പങ്കുവയ്ക്കുമെന്നായിരുന്നു നേരത്തെയുള്ള ധാരണ. ദിവസങ്ങളായി ഇതേച്ചൊല്ലിയുള്ള തര്‍ക്കങ്ങളും ചര്‍ച്ചകളും നടന്നുവരികയായിരുന്നു. കേരള കോണ്‍ഗ്രസ് (എം) സ്ഥാപകന്‍ കെ.എം.മാണിയുടെ മരണത്തെത്തുടര്‍ന്ന് പാര്‍ട്ടിയിൽ ഉടലെടുത്ത ഗ്രൂപ്പ് യുദ്ധം ഇതോടെ വഴിത്തിരിവിലെത്തി.

എന്നാല്‍, ഇല്ലാത്ത ധാരണയുടെ പേരിലാണ് തങ്ങളെ പുറത്താക്കിയതെന്നും മാണി സാറിന്റെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞതെന്നും ജോസ് പറഞ്ഞു. നാളത്തെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനുശേഷം ഭാവി രാഷ്ട്രീയ കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കരാറുകളില്‍ ചിലത് ചില സമയങ്ങളില്‍ മാത്രം ഓര്‍മ്മപ്പെടുത്തുന്നുവെന്നും അത് സെലക്ടീവ് ഡിമെന്‍ഷ്യയാണെന്നും ജോസ് പറഞ്ഞു. “അച്ചടക്കത്തിന്റെ പേരിലാണ് ഈ നടപടിയെടുത്തതെങ്കില്‍ ആയിരം വട്ടം പിജെ ജോസഫിനെ പുറത്താക്കാനുള്ള കാരണങ്ങള്‍ ഉണ്ടായിരുന്നു. നിരന്തരം അച്ചടക്ക ലംഘനം ജോസഫ് നടത്തിയിരുന്നു. യുഡിഎഫ് നേതാക്കള്‍ രാഷ്ട്രീയ അജണ്ട ബോധപൂര്‍വം നടപ്പിലാക്കുകയായിരുന്നു. മാധ്യമങ്ങളിലൂടെയാണ് പുറത്താക്കല്‍ വിവരം അറിഞ്ഞത്,” അദ്ദേഹം പറഞ്ഞു.

നീതി പൂര്‍വകം: പിജെ ജോസഫ്‌

ജോസ് കെ മാണിയെ മുന്നണിയില്‍ നിന്ന് പുറത്താക്കിയത് നീതിപൂര്‍വകമായ നടപടിയാണെന്ന് പിജെ ജോസഫ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട ധാരണ ജോസ് കെ മാണി വിഭാഗം ലംഘിച്ചുവെന്നും അങ്ങനെയൊരു ധാരണയുണ്ടെന്ന് സമ്മതിക്കുന്നു പോലുമില്ലെന്നും പിജെ ജോസഫ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്ന് ഇന്ന് രാവിലെയും തോമസ് ചാഴിക്കാടന്‍ എംപി ആവര്‍ത്തിച്ചിരുന്നു. ഇക്കാര്യം യുഡിഎഫ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.

കെ.എം.മാണിയെ മുന്നില്‍നിന്നു കുത്താനാകാത്തവര്‍ പിന്നില്‍നിന്ന് കുത്തിയെന്ന് ജോസ് കെ.മാണി വിഭാഗം നേതാവായ റോഷി അഗസ്റ്റിന്‍ എംഎല്‍എ പ്രതികരിച്ചു. യുഡിഎഫില്‍നിന്നും പുറത്താക്കിയ നടപടി ഖേദകരമാണ്. കോണ്‍ഗ്രസ് കാണിച്ചത് കൊടും ചതിയാണെന്നും മാണിയുടെ കടയ്ക്കല്‍ കത്തിവയ്ക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏത് യോഗത്തിലാണ് തങ്ങളെ പുറത്താക്കാനുള്ള തീരുമാനം എടുത്തതെന്ന് ചോദിച്ച റോഷി അഗസ്റ്റിന്‍ തങ്ങളെ ആവശ്യമുള്ളവരുണ്ടെന്നും പറഞ്ഞു. പാര്‍ട്ടിയിലെ മറുവിഭാഗമായ ജോസഫ് പക്ഷത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് ജോസ് കെ.മാണി പക്ഷത്തെ പുറത്താക്കിയതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തനം കണ്ട് ഏതെങ്കിലും മുന്നണി ക്ഷണിച്ചാല്‍ ആ ക്ഷണത്തെ സ്വാഗതം ചെയ്യുമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. രാഷ്ട്രീയ ധാര്‍മികത ഇല്ലാത്ത തീരുമാനമെന്നായിരുന്നു എന്‍.ജയരാജ് എംഎല്‍എയുടെ പ്രതികരണം.

യുഡിഎഫിന് നട്ടെല്ലുണ്ടെന്ന് തെളിയിച്ചു: പി സി ജോര്‍ജ്‌

അതേസമയം, ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ നിര്‍ദേശം തള്ളിയതാണ് ജോസ് വിഭാഗത്തെ പുറത്താക്കാന്‍ യുഡിഎഫ് നേതൃത്വം നിര്‍ബന്ധിതമായതെന്ന് ഫ്രാന്‍സിസ് ജോര്‍ജ് ആരോപിച്ചു. ജോസ് വിഭാഗത്തെ പുറത്താക്കിയ നടപടിയിലൂടെ യുഡിഎഫിന് നട്ടെല്ലുണ്ടെന്ന് തെളിയിച്ചുവെന്ന് പി.സി.ജോര്‍ജ് എംഎല്‍എ പറഞ്ഞു.

യുഡിഎഫിലെ അധികാര തര്‍ക്കത്തില്‍ ജോസ് വിഭാഗം നയം വ്യക്തമാക്കട്ടെയെന്ന് സിപിഎം നേതാവ് എം.വി.ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്‍ഡിഎഫിന്റെ സമീപനത്തോട് യോജിപ്പുണ്ടെങ്കില്‍ മുന്നണിയിലെടുക്കുമെന്നും അവസരവാദ സമീപനത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.