ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം
യു കെ :- ഉപഭോക്താക്കൾക്ക് ന്യായമായ മാർക്കറ്റ് ലഭ്യമാക്കുന്നതിനും, ചെറുകിട കമ്പനികളുടെ വളർച്ചയെ സഹായിക്കുന്നതിനുമായി യുകെ ഗവൺമെന്റ് വൻകിടകമ്പനികൾ ആയ ഗൂഗിൾ ഫേസ്ബുക്ക് മുതലായവയുടെ അധികാരപരിധി കുറയ്ക്കുവാനുള്ള നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഡിജിറ്റൽ കമ്പനികൾക്കും ഇനിമുതൽ അധികാര പരിധി നിശ്ചയിക്കുന്ന നിയമങ്ങൾ ഉണ്ടാകും.എന്നാൽ എത്തരത്തിലുള്ള നിയന്ത്രണങ്ങൾ ആകും പ്രാബല്യത്തിൽ വരിക എന്നതിനെ സംബന്ധിച്ച് കൃത്യമായ അറിയിപ്പുകൾ ഗവൺമെന്റ് പുറത്തുവിട്ടിട്ടില്ല. നിലവിൽ മാർക്കറ്റിൽ പ്രസിദ്ധിയാർജ്ജിച്ചിരിക്കുന്ന കമ്പനികൾക്ക് ആയിരിക്കും ഈ നിയമങ്ങൾ ബാധകമാകുക.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ആയ ഗൂഗിൾ, ഫെയ്സ്ബുക്ക് മുതലായവ സാമ്പത്തികരംഗത്തെ വളരെ കാര്യമായി തന്നെ സഹായിക്കുന്നുണ്ടെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതോടൊപ്പം തന്നെ സുഹൃത്തുക്കളുമായുള്ള ബന്ധം നിലനിർത്താനും, കൃത്യമായ വാർത്തകൾ ജനങ്ങളിലെത്തിക്കാനുള്ള മാർഗങ്ങളായും ഇവ പ്രയോജനപ്പെട്ടു വരുന്നു. എന്നാൽ ചില വൻകിട കമ്പനികൾ മാത്രം ഈ രംഗത്ത് വളർച്ച പ്രാപിച്ചു വരുന്നത്, പുതുമയെ ഇല്ലാതാക്കുവാനും, ഉപഭോക്താക്കളുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ കുറയ്ക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ നിയമങ്ങൾ ചെറുകിട കമ്പനികളുടെ വളർച്ചയ്ക്ക് സഹായകരമാണെന്ന് അദ്ദേഹം ഉറപ്പുനൽകി. അതോടൊപ്പം തന്നെ ജനങ്ങൾക്ക് തിരഞ്ഞെടുക്കാനുള്ള കൂടുതൽ സാധ്യതകൾ തുറന്നു നൽകുകയും ചെയ്യുക എന്നതാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
കോംപറ്റീഷൻസ് ആൻഡ് മാർക്കറ്റ് അതോറിറ്റി(സി എം എ ) യുടെ ചീഫ് എക്സിക്യൂട്ടീവ് ആയിരിക്കുന്ന ആൻഡ്രിയ കോസെല്ലി യുകെ ഗവൺമെന്റിന്റെ പുതിയ നിയമത്തെ സ്വാഗതം ചെയ്തു. ഇത്തരത്തിലുള്ള നിയന്ത്രണങ്ങളിലൂടെ മാത്രമേ വൻകിട കമ്പനികളുടെ അധികാരപരിധി നിശ്ചയിക്കുക സാധ്യമാവുകയുള്ളൂ. ഒരു ഡിജിറ്റൽ മാർക്കറ്റ് യൂണിറ്റ് ആരംഭിക്കുന്നത് സംബന്ധിച്ചും ചർച്ചകൾ നടക്കുന്നതായും അവർ വ്യക്തമാക്കി.
Leave a Reply