ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചാ നിരക്ക് നേരത്തെ പ്രവചിച്ചതിനേക്കാളും പിന്നിലാകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. പ്രസിഡൻ്റ് ആയി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം നടപ്പിലാക്കിയ വ്യാപാര നയങ്ങളാണ് ഇതിന് കാരണങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഇതിൻറെ ഫലമായി ആഗോള സാമ്പത്തിക വളർച്ചാ നിരക്കിനെ ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെൻ്റ് (ഒഇസിഡി) തരം താഴ്ത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


യുകെ ഉൾപ്പെടെയുള്ള പ്രധാന സമ്പദ് വ്യവസ്ഥകൾക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ ജിഡിപി നിരക്ക് ആയിരിക്കും ഉണ്ടായിരിക്കുക എന്നതാണ് പ്രവചനം. ഇറക്കുമതി ചെയ്യുന്ന പല സാധനങ്ങൾക്കും യുഎസ് അമിതമായി നികുതി ചുമത്തുന്നത് ആണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. യുകെയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ച നേരത്തെ പ്രതീക്ഷിച്ചിരുന്നത് 1.7 ശതമാനമായിരുന്നു. എന്നാൽ ഈ വർഷത്തെ വളർച്ച 1.4 ശതമാനം മാത്രമെ ഉണ്ടാവുകയുള്ളൂ എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


യുകെയുടെ ജിഡിപി ജനുവരിയിൽ അപ്രതീക്ഷിതമായി കുറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരങ്ങൾ ചാൻസലർ റേച്ചൽ റീവ്സിന് ഹിതകരമായിരിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ അനുമാനിക്കുന്നത്. അധികാരമേറ്റ നാൾ മുതൽ യുകെയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് ലേബർ പാർട്ടി സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. താരിഫുകൾ മൂലമുണ്ടാകുന്ന ഉയർന്ന വ്യാപാര തടസ്സങ്ങളും അവ നടപ്പിലാക്കുന്നതിനുള്ള നയപരമായ അനിശ്ചിതത്വവും കാരണം ആഗോള ജിഡിപി 2024-ൽ 3.2 ശതമാനത്തിൽ നിന്ന് 2025-ൽ 3.1 ശതമാനമായും 2026ൽ 3 ശതമാനമായും കുറയുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുഎസിന്റെ വളർച്ചാ പ്രവചനത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസ് വളർച്ച 2025-ൽ 2.2% ആയും 2026-ൽ 1.6% ആയും കുറയും എന്നാണ് പുതിയ പ്രവചനം. ഈ വർഷവും അടുത്ത വർഷവും 2.4 ശതമാനവും 3.1 ശതമാനവും ഉയർന്ന ജിഡിപി പ്രതീക്ഷിച്ചിരുന്നു. യുഎസ് ചരക്കുകൾക്ക് യൂറോപ്യൻ യൂണിയൻ്റെ പ്രതികാര നികുതികൾ ഇനിയും നടപ്പിൽ വരാത്തതിനാൽ വളർച്ച നിരക്കിൽ അത് എങ്ങനെ പ്രതിഫലിക്കും എന്നത് പ്രവചനാതീതമാണെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.