ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- യുകെ മലയാളികളുടെ നാട്ടിലെത്താനുള്ള സ്വപ്നങ്ങൾക്കുമേൽ തിരിച്ചടിയായിരിക്കുകയാണ് രാജ്യം കൈക്കൊണ്ടിരിക്കുന്ന പുതിയ തീരുമാനങ്ങൾ. ഇന്ത്യൻ വാക്സിൻ അംഗീകരിക്കുകയില്ലെന്ന തീരുമാനമാണ് യുകെയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും യുകെയിലെത്തിയ ശേഷം പത്ത് ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ വേണമെന്നുള്ളതാണ് പുതിയ നിയമം. ഈ വ്യവസ്ഥയുമായി യുകെയുടെ പുതുക്കിയ യാത്രാച്ചട്ടം ഒക്ടോബർ 4 മുതൽ നിലവിൽ വരും. ഇന്ത്യയിലെ രണ്ട് ഡോസ് വാക്സിൻ എടുത്തവരെയും വാക്സിൻ എടുക്കാത്തവരുടെ പട്ടികയിലാവും ഉൾപ്പെടുത്തുക. ഇന്ത്യയ്ക്കു പുറമേ, യു എ ഇ, തുർക്കി, ജോർദാൻ, തായ്‌ലൻഡ്, റഷ്യ, എന്നീ രാജ്യങ്ങളിൽ നിന്നും, ആഫ്രിക്കൻ, തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കിയവർക്കും ക്വാറന്റൈൻ നിർബന്ധമാക്കിയിട്ടുണ്ട്.
യു കെ, യൂറോപ്പ്, യു എസ് എന്നിവിടങ്ങളിൽനിന്നും ആസ്ട്രാസെനെക്കയുടെ രണ്ട് ഡോസ് പൂർത്തിയാക്കിയവർക്ക് ക്വാറന്റൈൻ നിർബന്ധമല്ല. എന്നാൽ ആസ്ട്രാസെനെക്കയുടെ തന്നെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡിനെ എന്തുകൊണ്ട് അംഗീകരിക്കുന്നില്ല എന്ന ചോദ്യമാണ് ഉയർന്നുവന്നിരിക്കുന്നത്. ഈ വിഷയത്തെ സംബന്ധിച്ച് നയതന്ത്ര ചർച്ചകൾ ഉണ്ടാകുമെന്ന ഉറപ്പാണ് കേന്ദ്രസർക്കാർ പ്രവാസികൾക്ക് നൽകുന്നത്. പ്രവാസികളോടുള്ള ഐക്യം പ്രഖ്യാപിച്ച്, ബ്രിട്ടൻെറ തീരുമാനത്തെ ശക്തമായി എതിർത്ത് ശശി തരൂർ എം പി യും രംഗത്ത് വന്നിട്ടുണ്ട്. കേംബ്രിഡ്ജ് സർവകലാശാലയിൽ പങ്കെടുക്കാനിരുന്ന പരിപാടിയിൽ നിന്നും ശശി തരൂർ എംപി പിന്മാറി.
ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് പോകുന്നവർ 72 മണിക്കൂർ മുൻപേ ആർടി പിസിആർ ടെസ്റ്റ് ചെയ്യേണ്ടതാണ്. ഇതോടൊപ്പംതന്നെ യുകെയിലെത്തിയ ശേഷം 10 ദിവസം ക്വാറന്റൈനിൽ ഇരിക്കുകയും,
രണ്ടാംദിവസവും, എട്ടാം ദിവസവും സ്വന്തം ചെലവിൽ ടെസ്റ്റ് ചെയ്യേണ്ടതുമാണ്. എന്നാൽ പുതിയ നിയമങ്ങൾ പ്രവാസികൾക്ക് വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതാണ്. കൂടുതൽ ചർച്ചകളിലൂടെ നിയമങ്ങൾക്ക് മാറ്റങ്ങൾ ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് പ്രവാസികൾ.
Leave a Reply