ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സ്റ്റുഡന്റ് വിസയെ കുറിച്ച് പഠിക്കാൻ വിദഗ്ധ കമ്മീഷനെ നിയമിക്കാൻ ഒരുങ്ങി യുകെ. ഇന്ത്യയിൽ നിന്നുൾപ്പടെ വിവിധ രാജ്യങ്ങളിൽ നിന്നാണ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിദ്യാർത്ഥികൾ യുകെയിൽ എത്തുന്നത്. ഇതിന്റെ ഭാഗമായി ഒരു പുതിയ അന്താരാഷ്ട്ര വിദ്യാഭ്യാസരീതി രൂപപ്പെടുത്തി എടുക്കാനാണ് ശ്രമം. യുകെ മുൻ സർവകലാശാല മന്ത്രിയും പാർലമെന്റ് അംഗവുമായ ക്രിസ് സ്കിഡ്‌മോർ അധ്യക്ഷനായ ഇന്റർനാഷണൽ ഹയർ എജ്യുക്കേഷൻ കമ്മീഷന്റെ (ഐ എച്ച് ഇ സി) നേതൃത്വത്തിലാണ് പഠനം നടക്കുന്നത്. പോസ്റ്റ് സ്റ്റഡി വർക്ക് വിസ റൂട്ട് വെട്ടിക്കുറയ്ക്കാനുള്ള യുകെ ഗവൺമെന്റിന്റെ സമീപകാല റിപ്പോർട്ടുകളുടെയും നടപടികളുടെയും അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിദേശ വിദ്യാർത്ഥികളുടെ സ്വാധീനം യുകെയുടെ സമ്പദ്‌വ്യവസ്ഥയിലേക്കും സമൂഹത്തിലേക്കും ഉയർത്തിക്കാട്ടുന്നതിനൊപ്പം, ആകർഷകമായ വിസ ഓഫറുകളും അവതരിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്റർനാഷണൽ എഡ്യൂക്കേഷൻ സ്ട്രാറ്റജി 2.0 എന്ന പേരിൽ അറിയപ്പെടുന്ന കമ്മിഷൻ വിഷയത്തെ കുറിച്ചുള്ള പ്രധാന ശുപാർശകൾ മുൻപോട്ട് വെക്കും. ‘ഇന്ത്യയെയും യുകെയെയും സംബന്ധിച്ചിടത്തോളം, ഞങ്ങൾ വളരെ നിർണായക നിമിഷത്തിലാണ്, തുല്യ പങ്കാളികൾ എന്ന നിലയിൽ ഓരോ രാജ്യത്തിന്റെയും ശക്തികളിലും ആവശ്യകതകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രവർത്തന ശൈലി രൂപപ്പെടുത്തേണ്ടതായിട്ടുണ്ട്’- ഇന്ത്യൻ സ്റ്റുഡന്റ്സ് ആൻഡ് അലുംനി യൂണിയൻ യു കെയുടെ നാഷണൽ സ്ഥാപകനും ചെയർമാനുമായ സനം അറോറ പറഞ്ഞു.

പുതിയ പാനലിന്റെ കമ്മീഷണർമാരിൽ ഒരാളാണ് സനം അറോറ. യുകെയിൽ നിന്ന് പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യം സൃഷ്ടിക്കാൻ ഇതിലൂടെ കഴിയുമെന്നും സനം അറോറ പറഞ്ഞു. മുൻ സർവകലാശാലാ മന്ത്രിമാരായ ജോ ജോൺസണും, ഡേവിഡ് വില്ലെറ്റും വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരും, ലണ്ടനിലെ കിംഗ്സ് കോളേജ് പ്രസിഡന്റും പ്രിൻസിപ്പലുമായ പ്രൊഫസർ ഷിതിജ് കപൂറും ഈ സമിതിയിൽ ഉണ്ട്. വിദ്യാർത്ഥികൾക്ക് അവരുടെ ഡിഗ്രികളുടെ അവസാനത്തിൽ ജോലിയിൽ പ്രവേശിക്കാനും പ്രവൃത്തിപരിചയം നേടാനുമുള്ള അവസരം നൽകുന്ന ഗ്രാജ്വേറ്റ് റൂട്ട് വിസയ്‌ക്കായി വർഷങ്ങളോളം പ്രചാരണം നടത്തുന്ന വിവിധ സംഘടനകളും നടപടിയെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്.