ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് കാലത്ത് തെരുവിൽ കഴിഞ്ഞവർക്കും, ഭവനങ്ങൾ ഇല്ലാതിരുന്നവർക്കും അഭയം നൽകിയ ഗവൺമെന്റ് പദ്ധതിയിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗം പേരും ഇപ്പോഴും താൽക്കാലിക അഭയകേന്ദ്രങ്ങളിൽ തന്നെയെന്ന് ബിബിസി റിപ്പോർട്ട്. നാലിൽ ഒരാൾ മാത്രമാണ് സ്ഥിരമായ താമസസ്ഥലത്തേയ്ക്ക് മാറിയതെന്ന് ബിബിസി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. പകർച്ചവ്യാധി കാലത്ത് ഏകദേശം 37000 ത്തോളം പേർക്കാണ് ഗവൺമെന്റ് ഇത്തരത്തിൽ താമസസൗകര്യങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ ഇത്തരത്തിൽ പാർപ്പിച്ചവരിൽ ചിലരെങ്കിലും ഇപ്പോൾ തിരികെ തെരുവിൽ എത്തിയതായി ചാരിറ്റി സംഘടനയായ ഷെൽട്ടർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ കണക്കുകൾ തെറ്റിദ്ധരിപ്പിക്കുന്നവയാണ് എന്നാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന മറുപടി. ഇതോടൊപ്പംതന്നെ തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി 750 മില്യൺ പൗണ്ട് അധികമായി നീക്കിവയ്ക്കുമെന്നും ഗവൺമെന്റ് വക്താവ് അറിയിച്ചു.


വിവരാവകാശ നിയമപ്രകാരം, ചാരിറ്റി സംഘടനയായ ഷെൽട്ടർ ഇംഗ്ലണ്ടിൽ ഇത്തരത്തിൽ താൽക്കാലിക താമസ സൗകര്യങ്ങൾ ഏർപ്പെടുത്തിയവർക്ക് എന്ത് സംഭവിച്ചു എന്ന് വ്യക്തമാക്കണമെന്ന് ലോക്കൽ കൗൺസിലുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ളവർക്ക് സ്ഥിരമായ താമസ സൗകര്യങ്ങൾ ഗവൺമെന്റ് ഏർപ്പെടുത്തണമെന്നാണ് എല്ലാവരും ആവശ്യപ്പെട്ടിരിക്കുന്നത്. 2020 ൽ ആദ്യമായി കോവിഡ് വ്യാപനം ഉണ്ടായ സമയത്താണ് ഇത്തരത്തിൽ തെരുവിൽ കഴിയുന്നവർക്ക് താൽക്കാലിക താമസ സൗകര്യം ഏർപ്പെടുത്തി നൽകുവാൻ ഗവൺമെന്റ് തീരുമാനിച്ചത്. ഇതിനായി 3.2 മില്യൺ പൗണ്ട് തുടക്കത്തിൽ ഗവൺമെന്റ് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. വൈറസ് വ്യാപനം തടയുന്നതിനായി ഇവരെ ഒഴിഞ്ഞുകിടക്കുന്ന ഹോട്ടലുകളിലും, താൽക്കാലിക ഇടങ്ങളിലുമെല്ലാം പാർപ്പിച്ചിരുന്നു. എന്നാൽ രണ്ട് മാസങ്ങൾക്ക് ശേഷം ഇതിനാവശ്യമായ ഫണ്ടിങ് ഇല്ലാതായതാണ് ചാരിറ്റി സംഘടനകളെ അമർഷത്തിലാക്കിയിരിക്കുന്നത്.

ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകണമെന്ന് ഷെൽട്ടർ സംഘടന ചീഫ് എക്സിക്യൂട്ടീവ് പോളി നിയറ്റ് ആവശ്യപ്പെട്ടു. രാജ്യം പഴയ സ്ഥിതിയിലേയ്ക്ക് മടങ്ങി വരുമ്പോൾ ഇത്തരത്തിൽ കഴിയുന്നവരെ മറക്കാൻ പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. താൽക്കാലിക ഇടങ്ങളിൽ മാറ്റിപ്പാർപ്പിച്ച ഓരോരുത്തരെ സംബന്ധിച്ച ഗവൺമെന്റ് അന്വേഷണങ്ങൾ നടത്തുന്നുണ്ടെന്നും, ഉടൻ നടപടി ഉണ്ടാകുമെന്നും ഗവൺമെന്റ് വക്താവ് അറിയിച്ചു.