ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യത്തെ സൈനികരുടെ സ്വകാര്യ വിവരങ്ങൾ അടങ്ങിയ കമ്പ്യൂട്ടർ സർവറുകളിലേയ്ക്ക് നുഴഞ്ഞുകയറ്റം ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഗുരുതരമായ വീഴ്ചയാണ് ഈ കാര്യങ്ങളിൽ സംഭവിച്ചതെന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. നിലവിൽ സായുധ സേനയിൽ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുടെയും ഉൾപ്പെടെയുള്ള പേരുകളും ബാങ്ക് വിവരങ്ങളും അടങ്ങിയ പ്രതിരോധ മന്ത്രാലയം ഉപയോഗിക്കുന്ന പെറോൾ സംവിധാനം ആണ് ഹാക്ക് ചെയ്യപ്പെട്ടത്.

ഹാക്ക് ചെയ്തതിന് പിന്നിൽ ആരാണെന്നോ എന്തിനു വേണ്ടിയാണ് ഇത് ചെയ്തതെന്നോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിലവിൽ ഒരു ബാഹ്യ കരാറുകാരനാണ് വിവരങ്ങൾ അടങ്ങിയ സെർവർ കൈകാര്യം ചെയ്തിരുന്നത്. കടന്നുകയറ്റം നടന്നതായി സൂചന ലഭിച്ച ഉടനെ സെർവറുമായുള്ള ഓൺലൈൻ ഇന്റർനെറ്റ് ബന്ധങ്ങൾ വിച്ഛേദിച്ച്‌ ഓഫ് ലൈൻ മോഡിലേക്ക് മാറുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ച് പ്രതിരോധ സെക്രട്ടറി ഗ്രാൻ്റ് ഷാപ്‌സ് ഇന്ന് കോമൺസിൽ എംപിമാരെ അറിയിക്കും. ഹാക്കിങ്ങിന് പിന്നിൽ ആരാണെന്നുള്ളത് അറിവായിട്ടില്ലെങ്കിലും യുകെ രാഷ്ട്രീയത്തിലും ജനാധിപത്യ പ്രക്രിയകളിലും ഇടപെടാൻ ശ്രമിക്കുന്ന സൈബർ ഹാക്കിങ്ങിന് പിന്നിൽ റഷ്യൻ ഇൻ്റലിജൻസ് ആണെന്ന് 2023 ഡിസംബറിൽ നാഷണൽ സൈബർ സെക്യൂരിറ്റി സെൻ്റർ പറഞ്ഞിരുന്നു .

കഴിഞ്ഞ കുറെ നാളുകളായി ഒട്ടേറെ സൈബർ ആക്രമണങ്ങൾ യുകെയിൽ വാർത്തകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം സൈബർ ഹണി ട്രാപ്പിൽ മന്ത്രിയും എംപിമാരും മുതിർന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പത്രപ്രവർത്തകരും കുടുങ്ങിയ സംഭവം വൻ വാർത്താ പ്രാധാന്യത്തോടെയാണ് യുകെയിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ആ സംഭവം വിവാദമായതോടെ കൺസർവേറ്റീവ് എംപി വില്യം വ്രാഗ് പാർട്ടി വിപ്പ് സ്ഥാനം രാജിവച്ചിരുന്നു . ഡേറ്റിംഗ് ആപ്പിൽ എംപിമാരുടെ സ്വകാര്യ ഫോൺ നമ്പറുകൾ മറ്റൊരാളുമായി പങ്കുവെച്ചത് താനാണെന്ന് വില്യം വ്രാഗ് സമ്മതിച്ചിരുന്നു. രാജ്യത്തെ ദുർബലമാക്കാൻ പ്രതിലോമ ശക്തികൾ വൻ തോതിൽ സാങ്കേതികവിദ്യ ഉപയോഗിച്ച് തുടങ്ങിയത് ഇതിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. ദുർബലമായ പാസ്സ്‌വേർഡുകൾ സ്മാർട്ട്ഫോണുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളിൽ ഉപയോഗിക്കുന്നത് നിയമം മൂലം നിരോധിക്കാനുള്ള പദ്ധതി ഉൾപ്പടെയുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് .

ഇതിൻറെ ഭാഗമായി 1 2 3 4 5 എന്നതുപോലുള്ള സാധാരണ വാക്കുകള്‍ ഇനി പാസ്‌വേഡ് ആയി നൽകാൻ സാധിക്കില്ല. ഹാക്കിംഗിൽ നിന്നും സൈബർ ആക്രമണങ്ങളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ പ്രാബല്യത്തിൽ വരുമെന്ന് ഡിപ്പാർട്ട്മെൻ്റ് ഫോർ സയൻസ്, ഇന്നൊവേഷൻ ആൻ്റ് ടെക്നോളജി അറിയിച്ചു. നിയമം നിലവിൽ വരുന്നതോടെ ഫോണുകൾ , ടിവികൾ, സ്മാര്‍ട്ട് ഡോർ ബെല്ലുകൾ തുടങ്ങിയവയുടെ നിർമ്മാതാക്കൾ തങ്ങൾ നിർമ്മിക്കുന്ന ഉപകരണങ്ങൾ സൈബർ കുറ്റവാളികളുടെ ആക്രമണത്തിൽ നിന്ന് പ്രതിരോധിക്കുന്നത് നിയമം മൂലം ബാധ്യതയായി മാറും. ഇതിൻറെ ഭാഗമായി സുരക്ഷാപ്രശ്നങ്ങളെ കുറിച്ചും ഇടവേളകളിൽ പാസ്സ്‌വേർഡുകൾ മാറ്റുന്നതിനെ കുറിച്ചും ഇനി ഉപഭോക്താക്കൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ യഥാസമയം നൽകേണ്ടത് നിർമ്മാതാക്കളുടെ ചുമതലയാണ്.

പുതിയ നിയമങ്ങൾ സൈബർ അറ്റാക്കിനെ കുറിച്ച് ഭയമില്ലാതെ ഇൻറർനെറ്റുമായി ബന്ധിപ്പിക്കപ്പെടുന്ന ഉപകരണങ്ങൾ മേടിക്കാൻ ഉപഭോക്താക്കൾക്ക് ആത്മവിശ്വാസം നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇൻറർനെറ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സ്വകാര്യതയും ഡേറ്റയും പണവും സുരക്ഷിതമാക്കാൻ ഉചിതമായ നിയമങ്ങൾ ലോകത്തിലാദ്യമായി ബ്രിട്ടൻ നടപ്പിൽ വരുത്തുകയാണെന്ന് ശാസ്ത്ര-സാങ്കേതിക മന്ത്രി ജോനാഥൻ ബെറി പറഞ്ഞു. സൈബർ തട്ടിപ്പിലൂടെ യുകെയിൽ ഓരോ മിനിറ്റിലും 2300 പൗണ്ട് നഷ്ടമാകുന്നുവെന്നാണ് ഏകദേശ കണക്കുകൾ