ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്യൻ യൂണിയനിൽ നിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേയ്ക്ക് കൊണ്ടുവരുന്ന ഭക്ഷ്യ വസ്തുക്കളുടെ കാര്യത്തിൽ പുതിയ നിയന്ത്രണം നിലവിൽ വന്നു. ഇതിൻ പ്രകാരം ചീസ് ഉൾപ്പെടെയുള്ള പാലുത്പന്നങ്ങളും മാംസവും കൊണ്ടുവരാൻ അനുവാദമില്ല. കുളമ്പുരോഗം പോലുള്ളവ തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഏപ്രിൽ 12 ശനിയാഴ്ചയാണ് പുതിയ നിയമം അവതരിപ്പിച്ചത്. ഇതിൽ പ്രകാരം പന്നി, പശു , ആട് എന്നിവയുടെ മാംസത്തിനും പാൽ, വെണ്ണ, ചീസ്, തൈര് തുടങ്ങിയ പാലുത്പന്നങ്ങൾക്കും നിയന്ത്രണങ്ങൾ നേരിടേണ്ടി വരും. മാംസം അല്ലെങ്കിൽ പാലുത്പന്നങ്ങൾ ഉൾപ്പെടുത്തിയ സാൻഡ് വിച്ചുകൾ പോലുള്ള ഭക്ഷ്യ വസ്തുക്കൾക്കും നിയന്ത്രണം ബാധകമാണ്. നിയന്ത്രണങ്ങൾ ബ്രിട്ടനിലേയ്ക്ക് വരുന്ന യാത്രക്കാർക്ക് മാത്രമേ ബാധകമാകുകയുള്ളൂ. നിലവിൽ ഇറക്കമതി ചെയ്യുന്ന മേൽപറഞ്ഞ ഉത്പന്നങ്ങൾക്ക് നിയന്ത്രണം ബാധകമാക്കിയിട്ടില്ല. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് സുരക്ഷാ പരിശോധനകൾ കർശനമാക്കിയതിനാലാണ് നിയന്ത്രണം ഏർപ്പെടുത്താത്തത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
2007 ലാണ് കുളമ്പുരോഗം യുകെയിൽ അവസാനമായി പൊട്ടിപ്പുറപ്പെട്ടത്. അതിനുശേഷം ഇതുവരെ യുകെയിൽ എവിടെയും ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ഈ വർഷം ജനുവരിയിൽ ജർമ്മനിയിലും കഴിഞ്ഞ മാസം ഹംഗറിയിലും സ്ലൊവാക്യയിലും കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. മേൽ പറഞ്ഞ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള എല്ലാവിധ വ്യക്തിഗത ഇറക്കുമതികളും യുകെ സർക്കാർ ഇതിനകം തന്നെ നിരോധിച്ചിരിക്കുകയാണ്. ബ്രിട്ടനിലെ വളർത്തുമൃഗങ്ങളുടെ ആരോഗ്യവും, കർഷകരുടെ സുരക്ഷ, യുകെയുടെ ഭക്ഷ്യ സുരക്ഷ എന്നിവ സംരക്ഷിക്കുകയാണ് ഏറ്റവും പുതിയ നിയന്ത്രണങ്ങൾ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത് എന്ന് അധികൃതർ പറഞ്ഞു.
Leave a Reply