ലണ്ടൻ∙ ബ്രിട്ടൻ യൂറോപ്പിന്റെ ‘കൊക്കെയിൻ ക്യാപിറ്റ’ലായി മാറുകയാണെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ബെൻ വാലെയ്സിന്റെ തുറന്നു പറച്ചിൽ. ലണ്ടൻ നഗരത്തിൽ ഉൾപ്പെടെ അനുദിനം കൊലപാതകങ്ങളും അക്രമങ്ങളും വർധിക്കാനുള്ള പ്രധാന കാരണം ഇതാണെന്നും മന്ത്രി വ്യക്തമാക്കുന്നു. പുത്തൻ സാങ്കേതിക വിദ്യയും വിനിമയ- വിപണന സംവിധാനങ്ങളും ഉപയോഗിച്ച് വൻ മാഫിയ സംഘങ്ങളിൽനിന്നും യുവാക്കൾക്ക് ഇവ യഥേഷ്ടം ലഭ്യമാക്കാൻ സാധിക്കുന്നുവെന്നുവെന്നത് സത്യമാണ്. ഇതാണ് നഗരത്തിൽ കത്തിക്കുത്തും കൊലപാതകങ്ങളും വർധിക്കാൻ കാരണമെന്നും മന്ത്രി സമ്മതിച്ചു.

ഈവർഷം ജനുവരി മുതൽ ഇതുവരെ ലണ്ടൻ നഗരത്തിൽ മാത്രം 67 പേരാണ് കത്തിക്കുത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ ഏതാനും പേരൊഴിച്ചാൽ മറ്റെല്ലാവരും 20 വയസിൽ താഴെയുള്ള യുവാക്കളാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.

കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള മയക്കുമരുന്നു മാഫിയയാണ് ലണ്ടനിലെ അക്രമങ്ങൾക്ക് പിന്നിലെ യഥാർഥ കാരണമെന്ന ആരോപണവുമായി നേരത്തെ ടോട്ടൻഹാമിലെ ലേബർ എംപി ഡേവിഡ് ലാമി രംഗത്തെത്തിയിരുന്നു. ഈ ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോൾ മന്ത്രിയുടെ തുറന്നുപറച്ചിൽ പിസ ഓർഡർ ചെയ്തു വരുത്തുന്നതിനേക്കാൾ എളുപ്പത്തിൽ ലണ്ടനിൽ മയക്കുമരുന്ന് വാങ്ങാമെന്നായിരുന്നു എംപിയുടെ ആരോപണം. ഇതിനെതിരേ പോലീസോ ഭരണ നേതൃത്വമോ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.