സർവീസ് മേഖല ഒന്നാകെ സമരത്തിലേക്ക് നീങ്ങുന്ന ബ്രിട്ടനിൽ ക്രിസ്മസ് കാലം യാത്രാദുരിതങ്ങളുടെയും കാലമാകും. ഇപ്പോൾ തന്നെ റെയിൽ ജീവനക്കാർ സമരത്തിലായതോടെ ആഭ്യന്തര യാത്രകൾ അവതാളത്തിലാണ്. ഇതിനൊപ്പമാണ് ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥരുടെയും സമരപ്രഖ്യാപനം. പാസ്പോർട്ട് കൺട്രോൾ സ്റ്റാഫും ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥരും സംയുക്തമായ നടത്തുന്ന സമരം വിമാനത്താവളങ്ങളുടെ പ്രവർത്തനം സ്തംഭിപ്പിക്കും.
ഗാട്ട്വിക്ക്, ഹീത്രൂ, മാഞ്ചസ്റ്റർ, ബർമിങ്ങാം, ഗ്ലാസ്കോ, കാഡിഫ് എന്നീ പ്രമുഖ വിമാനത്താവളങ്ങളിലെ ആയിരത്തിലധികം വരുന്ന ബോർഡർ ഫോഴ്സ് സ്റ്റാഫാണ് ശമ്പള വർധന ആവശ്യപ്പെട്ട് ഡിസംബർ 23 മുതൽ പുതുവൽസര ഈവ് വരെയുള്ള ദിവസങ്ങളിൽ പല ഘട്ടങ്ങളിലായി സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ആളുകൾ അവധിയാഘോഷത്തിനായി ഏറെ യാത്രചെയ്യുന്ന ഈ ദിവസങ്ങളിൽ ബോർഡർ ഫോഴ്സ് നടത്തുന്ന സമരം വിമാനത്താവളങ്ങളിൽ സൃഷ്ടിക്കുന്ന പ്രതിസന്ധി വിവരണാതീതമാകും. മണിക്കൂറുകൾ കാത്തുനിന്നാലും വിമാനത്താവളത്തിൽനിന്നും പുറത്തുവരാനാകാത്ത സാഹചര്യമാകും യാത്രക്കാർക്ക് ഉണ്ടാകുക. സെക്യൂരിറ്റി ചെക്കിനായി വിമാനത്താവളങ്ങളുടെ പുറത്തേക്കുവരെ യാത്രക്കാരുടെ ക്യൂ നീളും.
കോവിഡ് കാലത്തിനു ശേഷം ഒരുവിഭാഗം ജീവനക്കാർ നടത്തിയ സമരം ഹീത്രൂവിലുൾപ്പെട പല വിമാനത്താവളങ്ങളിലും സൃഷ്ടിച്ച പ്രതിസന്ധിക്ക് ബ്രിട്ടൻ സാക്ഷ്യം വഹിച്ചതാണ്. അതിനേക്കാൾ ദുഷ്കരമായ സാഹചര്യമാകും പാസ്പോർട്ട് കൺട്രോൾ സ്റ്റാഫിന്റെയും ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥരുടെയും സമരംമൂലം ഉണ്ടാകുക.
Leave a Reply