ലണ്ടൻ : മറ്റു യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് യുകെയിലെ ക്യാൻസർ അതിജീവന നിരക്ക് കുറവാണെന്ന് തെളിയിക്കുന്ന പഠനങ്ങൾ പുറത്തുവന്നു. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യുകെയിൽ രോഗനിർണ്ണയം നടത്തിയ ശേഷം അഞ്ച് വർഷങ്ങൾ മാത്രമേ രോഗി ജീവിച്ചിരിക്കുന്നുള്ളൂ എന്ന് പഠനത്തിൽ പറയുന്നു. 1994 മുതൽ 2014 വരെ, 20 വർഷത്തോളം നീണ്ട പഠനം നടത്തിയത് സ്വീഡിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് എക്കണോമിക്സ് ആണ്. 2010 മുതൽ 2014 വരെ നടത്തിയ പഠനങ്ങൾ ആണ് ലാൻസെറ്റ് ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ചത്. 7 തരത്തിലുള്ള ക്യാൻസർ രോഗങ്ങളിൽ 5 എണ്ണത്തിലും അതിജീവന നിരക്കിൽ ഓസ്ട്രേലിയ, ഡെൻമാർക്ക്, ന്യൂസ്‌ലാൻഡ്, കാനഡ, അയർലണ്ട്, നോർവേ എന്നീ രാജ്യങ്ങൾക്ക് പിന്നിലായാണ് ബ്രിട്ടന്റെ സ്ഥാനം.
1995നും 2012നും ഇടയിൽ പുതിയ ക്യാൻസർ കേസുകളുടെ എണ്ണം യുകെയിൽ 12 ശതമാനവും യൂറോപ്പിലുടനീളം 31 ശതമാനവും വർധിച്ചിട്ടുണ്ട്. 2014ൽ യുകെ, ജിഡിപിയുടെ 9.1 ശതമാനം ആരോഗ്യസംരക്ഷണത്തിനായി ചിലവഴിച്ചു. എന്നാൽ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരു വ്യക്തിക്ക് ക്യാൻസറിനായി യുകെ ചിലവഴിക്കുന്നത് കുറവാണെന്നും പഠനങ്ങളിലൂടെ കണ്ടെത്തി. സ്റ്റാഫുകളുടെയും റേഡിയോളജിസ്റ്റുകളുടെയും കുറവ് മൂലം നേരത്തെ രോഗനിർണ്ണയം നടത്താൻ കഴിയുന്നില്ലെന്നും അത് പരിഹരിക്കേണ്ടത് നമ്മുടെ ആവശ്യമാണെന്നും ക്യാൻസർ റിസർച്ച് യുകെയിലെ സാറ ഹിയോം പറഞ്ഞു. മിക്ക ക്യാൻസറുകളും നിർണ്ണയിക്കുന്നത് മൂന്നോ നാലോ ഘട്ടത്തിൽ എത്തുമ്പോൾ ആണ്. ഇത് അപകടസാധ്യത വർധിപ്പിക്കുന്നു. ഈ റിപ്പോർട്ട് കാലഹരണപ്പെട്ട ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പഠന ഗവേഷണം അവസാനിച്ച് അഞ്ച് വർഷത്തിനുള്ളിൽ, ക്യാൻസർ അതിജീവനം യഥാർത്ഥത്തിൽ റെക്കോർഡ് ഉയരത്തിലെത്തിയെന്നും എൻഎച്ച്എസിന്റെ വക്താവ് അഭിപ്രായപ്പെട്ടു.
Leave a Reply