ഗതാഗതമന്ത്രി തോമസ് ചാണ്ടി ലേക്ക് പാലസ് റിസോര്‍ട്ട് നിര്‍മാണത്തിനായി ഭൂമി കൈയേറിയിട്ടുണ്ടെന്നും ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍. കൈയേറ്റവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് ശേഷം സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്ന അന്തിമറിപ്പോര്‍ട്ടിലാണ് മന്ത്രിക്കെതിരായ ആരോപണങ്ങള്‍ ശരിവെച്ചുകൊണ്ടുള്ള കളക്ടറുടെ കണ്ടെത്തലുകള്‍.

തോമസ് ചാണ്ടി നടത്തിയത് കടുത്ത നിയമലംഘനങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിസോര്‍ട്ട് നിര്‍മാണത്തിനായി തോമസ് ചാണ്ടി ഭൂമി കൈയേറിയിട്ടുണ്ട്. വയല്‍ നികത്തുന്നതിന് തോമസ് ചാണ്ടി സര്‍ക്കാരിന്റെ അനുമതി വാങ്ങിയിട്ടില്ല. വലിയകുളം-സീറോജെട്ടി റോഡിലെ പാര്‍ക്കിംഗ് ഏരിയയുടെ നിര്‍മാണത്തിലാണ് കടുത്ത നിയമലംഘനങ്ങള്‍ നടത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നികത്തിയ നിലങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് കളക്ടര്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

2003 മുതല്‍ ബണ്ടില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് കളക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ബണ്ടാണ് പിന്നീട് റിസോര്‍ട്ടിലെ പാര്‍ക്കിംഗ് ഏരിയയായി മാറ്റിയത്. അനുമതിയില്ലാതെയാണ് ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ലേക്ക് പാലസിന്റെ ഉടമസ്ഥരായ വാട്ടര്‍ വേള്‍ഡ് ടൂറിസമാണ് നിലം നികത്തിയിരിക്കുന്നത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് നികത്തല്‍ നടത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്നു.