ക്രിസ്മസ് ആഘോഷങ്ങളും യാത്രകളും ദുരിതമാക്കി യുകെയില്‍ ഉടനീളം മഴ. രാജ്യത്തെ റോഡുകളില്‍ യാത്രക്കിറങ്ങുമ്പോൾ സൂക്ഷിക്കണമെന്നു ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഘോഷ സീസണില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ റോഡില്‍ യാത്ര ചെയ്യുന്ന ഘട്ടത്തിലാണ് ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

അതിശക്തമായ മഴ മൂലം രാജ്യത്തെ റോഡുകളില്‍ വന്‍ ഗതാഗത കുരുക്കാണ് രൂപപ്പെട്ടത്. കനത്ത മഴയില്‍ നിരവധി അപകടങ്ങള്‍ യുകെയുടെ വിവിധ ഭാഗങ്ങളിലെ റോഡുകളിൽ ഉണ്ടായി. മോട്ടർവേ 65 റോഡിൽ ഇരുവശത്തേക്കുമുള്ള യാത്രകള്‍ ഏതാനും സമയം നിര്‍ത്തി വെയ്‌ക്കേണ്ടതായും വന്നു. മോട്ടർവേ 25 റോഡ് ഉൾപ്പടെ യുകെയിലെ മിക്ക മോട്ടർവേ റോഡുകളിലും കനത്ത ഗതാഗത കുരുക്ക് ഉണ്ടായി.

യുകെയിൽ ഉടനീളം റെയിൽവേ ഉൾപ്പെടെ വിവിധ വിഭാഗം ജീവനക്കാർ പണിമുടക്ക് നടത്തുന്നതിനാൽ ജനങ്ങള്‍ സ്വന്തം കാറുകളില്‍ യാത്ര നടത്തുന്നതിനാലാണ് ഇത്രയേറെ ഗതാഗത കുരുക്ക് ഉണ്ടായത്. അതിനിടെ ഈ ക്രിസ്മസിന് ഒരു ദശലക്ഷത്തിലേറെ ജനങ്ങള്‍ക്ക് കോവിഡ് പിടിപെടുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 9 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ആഘോഷകാലത്ത് പനിയോ കോവിഡോ ബാധിച്ചതായി സംശയിക്കുന്നവര്‍ പ്രിയപ്പെട്ടവരില്‍ നിന്നും അകലം പാലിക്കണമെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മേധാവികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് പോസിറ്റീവ് ആയതോടെ നിരവധി പേര്‍ക്കാണ് ആഘോഷങ്ങള്‍ റദ്ദാക്കേണ്ട അവസ്ഥ വന്നിരിക്കുന്നത്. അതേസമയം, ഭൂരിപക്ഷം പേരും ആഘോഷത്തില്‍ പങ്കെടുക്കും. ഇത് അപകടകരമാവും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇംഗ്ലണ്ടില്‍ ഡിസംബര്‍ 9 വരെയുള്ള ആഴ്ചയിലെ ഓരോ ദിവസവും 1.2 ദശലക്ഷം ആളുകൾക്കു വീതം കോവിഡ് പിടിപെട്ടതായാണ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കുന്നത്. നാലു ദിവസം മുന്‍പ് 1.1 ദശലക്ഷത്തിൽ നിന്നാണ് ഈ വളര്‍ച്ച. തണുപ്പേറിയ കാലാവസ്ഥയില്‍ ആളുകള്‍ ഇന്‍ഡോറില്‍ അധികമായി ആഘോഷങ്ങളില്‍ ഒത്തുചേര്‍ന്നതാണ് പ്രശ്നമായി കരുതുന്നത്.

ഡിസംബര്‍ 9 വരെയുള്ള കണക്ക് മാത്രമാണ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നും ലഭ്യമായിട്ടുള്ളതെന്ന് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റി പബ്ലിക് ഹെല്‍ത്ത് വിദഗ്ധന്‍ പ്രഫ പോള്‍ ഹണ്ടര്‍ പറഞ്ഞു. കോവിഡ് ഉയരുന്നുണ്ടെങ്കിലും മുന്‍പത്തെ പോലെ കുതിപ്പില്ല. ക്രിസ്മസിലേക്കുള്ള ദിനങ്ങളില്‍ വൈറസ് പടരുമെങ്കിലും ഇതിന് ശേഷം ഇടവേള വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ട്, സ്‌കോട്ട്ലൻഡ്, വെയില്‍സ് എന്നിവിടങ്ങളിലെ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം ഉയരുന്നതായാണ് ഏറ്റവും പുതിയ കണക്ക് വ്യക്തമാക്കുന്നത്. വീണ്ടും മാസ്കും സാനിറ്റൈസറും ജീവിതത്തിന്റെ ഭാഗമാകുന്ന അവസ്ഥ ഉണ്ടായേക്കും.