ബ്രിട്ടനിലെ ഉപേക്ഷിക്കപ്പെട്ട കല്‍ക്കരി ഖനികള്‍ വീണ്ടും ഉപയോഗ പ്രദമാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നു. കല്‍ക്കരി ഖനികളിലെ ചുടുനീരുറവകള്‍ കണ്ടെത്തി അവയില്‍ നിന്നും കുറഞ്ഞ അളവില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന വൈദ്യൂതി ഉത്പാദന രീതി വികസിപ്പിച്ചെടുക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. സൗത്ത് വെയില്‍സിലെ കല്‍ക്കരി ഖനികള്‍ സമീപ പ്രദേശത്തെ വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും ഹീറ്റിംഗ് നടത്താനാവിശ്യമായ എനര്‍ജി ഉത്പാദിപ്പിക്കും. പദ്ധതിക്ക് ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2020ഓടെ തുടങ്ങുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏതാണ്ട് 2021ലെ തണുപ്പുകാലത്തോടെ ഖനികളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജം വീടുകളില്‍ ഹീറ്റ് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെയില്‍സിലെ ദരിദ്ര പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന 1,000ത്തോളം വീടുകള്‍ക്ക് പുതിയ പദ്ധതി ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. പദ്ധതി നിലവില്‍ വരുന്നതോടെ ഈ കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ 100 പൗണ്ടോളം ലാഭിക്കാന്‍ കഴിയും. കല്‍ക്കരി ഖനി അതോറിറ്റി അധികൃതരുമായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു വരികയാണെന്നും, ബ്രിട്ടനിലെ ജിയോതെര്‍മല്‍ മൈന്‍ വാട്ടര്‍ റിസോഴ്‌സുകളെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചു വരികയാണെന്നും എനര്‍ജി സെക്രട്ടറി ക്ലയര്‍ പെരി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ബ്രിട്ടനിലെ കല്‍ക്കരി ഖനികളില്‍ മൊത്തം 2 മില്ല്യണ്‍ ജിഗാവാട്ട് മണിക്കൂര്‍ ലോ-കാര്‍ബണ്‍ ഹീറ്റ് ഉണ്ടെന്നാണ് കോള്‍ അതോറിറ്റിയുടെ കണക്ക്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വീടുകളും ബിസിനസ് സ്ഥാപനങ്ങളും ഹീറ്റിംഗിലൂടെ പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ് നിയന്ത്രിക്കേണ്ടതുണ്ടെന്ന് മന്ത്രി പറയുന്നു. വളരെ കുറഞ്ഞ അളവില്‍ കാര്‍ബണ്‍ ഉത്പാദിപ്പിച്ചുകൊണ്ട് ഹീറ്റിംഗ് എനര്‍ജി നിര്‍മ്മിക്കാനുള്ള ബ്രിഡ്‌ജെന്റ് പദ്ധതിയെ മന്ത്രി അഭിനന്ദിച്ചു. എല്ലാവര്‍ക്കും സാമ്പത്തികമായി താങ്ങാന്‍ കഴിയുന്ന തരത്തിലായിരിക്കും പുതിയ ഹീറ്റിംഗ് നെറ്റ്‌വര്‍ക്ക് നിലവില്‍ വരിക. 17ാം നൂറ്റാണ്ടിലാണ് ബ്രിഡ്‌ജെന്റില്‍ കല്‍ക്കരി ഖനികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഖനികളിലെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയതിനു ശേഷം അവ വെള്ളക്കെട്ടുകളായി മാറുകയായിരുന്നു.