ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൈബർ സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ കർശനമായ നടപടികളുമായി ബ്രിട്ടൻ മുന്നോട്ടുവന്നു. അടുത്തയിടെ ഉണ്ടായ സൈബർ ആക്രമണങ്ങൾ ബ്രിട്ടനിൽ വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. രാജ്യത്തെ ദുർബലമാക്കാൻ പ്രതിലോമ ശക്തികൾ വൻ തോതിൽ സാങ്കേതികവിദ്യ ഉപയോഗിച്ച് തുടങ്ങിയത് ഇതിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. ദുർബലമായ പാസ്സ്‌വേർഡുകൾ സ്മാർട്ട്ഫോണുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളിൽ ഉപയോഗിക്കുന്നത് നിയമം മൂലം നിരോധിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കപ്പെടുന്നത്.

ഇതിൻറെ ഭാഗമായി 1 2 3 4 5 എന്നതുപോലുള്ള സാധാരണ വാക്കുകള്‍ ഇനി പാസ്‌വേഡ് ആയി നൽകാൻ സാധിക്കില്ല. ഹാക്കിംഗിൽ നിന്നും സൈബർ ആക്രമണങ്ങളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഡിപ്പാർട്ട്മെൻ്റ് ഫോർ സയൻസ്, ഇന്നൊവേഷൻ ആൻ്റ് ടെക്നോളജി അറിയിച്ചു. നിയമം നിലവിൽ വരുന്നതോടെ ഫോണുകൾ , ടിവികൾ, സ്മാര്‍ട്ട് ഡോർ ബെല്ലുകൾ തുടങ്ങിയവയുടെ നിർമ്മാതാക്കൾ തങ്ങൾ നിർമ്മിക്കുന്ന ഉപകരണങ്ങൾ സൈബർ കുറ്റവാളികളുടെ ആക്രമണത്തിൽ നിന്ന് പ്രതിരോധിക്കുന്നത് നിയമം മൂലം ബാധ്യതയായി മാറും. ഇതിൻറെ ഭാഗമായി സുരക്ഷാപ്രശ്നങ്ങളെ കുറിച്ചും ഇടവേളകളിൽ പാസ്സ്‌വേർഡുകൾ മാറ്റുന്നതിനെ കുറിച്ചും ഇനി ഉപഭോക്താക്കൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ യഥാസമയം നൽകേണ്ടത് നിർമ്മാതാക്കളുടെ ചുമതലയാണ്.

പുതിയ നിയമങ്ങൾ സൈബർ അറ്റാക്കിനെ കുറിച്ച് ഭയമില്ലാതെ ഇൻറർനെറ്റുമായി ബന്ധിപ്പിക്കപ്പെടുന്ന ഉപകരണങ്ങൾ മേടിക്കാൻ ഉപഭോക്താക്കൾക്ക് ആത്മവിശ്വാസം നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇൻറർനെറ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സ്വകാര്യതയും ഡേറ്റയും പണവും സുരക്ഷിതമാക്കാൻ ഉചിതമായ നിയമങ്ങൾ ലോകത്തിലാദ്യമായി ബ്രിട്ടൻ നടപ്പിൽ വരുത്തുകയാണെന്ന് ശാസ്ത്ര-സാങ്കേതിക മന്ത്രി ജോനാഥൻ ബെറി പറഞ്ഞു. സൈബർ തട്ടിപ്പിലൂടെ യുകെയിൽ ഓരോ മിനിറ്റിലും 2300 പൗണ്ട് നഷ്ടമാകുന്നുവെന്നാണ് ഏകദേശ കണക്കുകൾ