ലണ്ടന്‍: യുകെയിലെ കാര്‍ ഉടമകള്‍ അടക്കേണ്ടി വരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രീമിയം തുക. പോളിസികളുടെ ശരാശരി പ്രീമിയത്തില്‍ ഒരു വര്‍ഷത്തിനിടെ ഉണ്ടായത് 11 ശതമാനം വര്‍ദ്ധനവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സിന്റെ കണക്ക് അനുസരിച്ച് 484 പൗണ്ടായാണ് പ്രീമിയം ഉയര്‍ന്നത്. ആദ്യ പാദത്തിലെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ പ്രീമിയം നിരക്കിനേക്കാള്‍ 48 പൗണ്ട് അധികം കാറുടമകള്‍ക്ക് ഈ വര്‍ഷം അടക്കേണ്ടി വന്നിട്ടുണ്ട്. പ്രായം കുറഞ്ഞ ഡ്രൈവര്‍മാര്‍ക്കും പെന്‍ഷനേഴ്‌സിനും കൂടുതല്‍ തുക പ്രീമിയം ഇനത്തില്‍ അടക്കേണ്ടതായും വരുന്നു.

സ്വകാര്യ ഇന്‍ഷുറന്‍സ് മേഖലയില്‍ 4.8 ശതമാനമാണ് വര്‍ദ്ധന രേഖപ്പെടുത്തിയത്. ആദ്യപാദത്തില്‍ 462 പൗണ്ടായിരുന്ന പ്രീമിയം മൂന്നു മാസത്തിനുള്ളില്‍ രേഖപ്പെടുത്തിയ വര്‍ദ്ധന പ്രീമിയം നിരക്ക് വര്‍ദ്ധിക്കുന്നതിന്റെ ഉയര്‍ന്ന വേഗതയും കാണിക്കുന്നു. വേതനക്കുറവും നാണയപ്പെരുപ്പവും മൂലം സാമ്പത്തിക ഞെരുക്കത്തിലായ യുകെയിലെ സാധാരണക്കാര്‍ക്ക് ഇരുട്ടടിയാണ് ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കിലെ വര്‍ദ്ധനെന്നും വിലയിരുത്തപ്പെടുന്നു. 2012 മുതലാണ് പ്രീമിയം നിരക്ക് വര്‍ദ്ധന സോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സ് രേഖപ്പെടുത്തിത്തുടങ്ങിയത്. അതില്‍ ഏറ്റവും വലിയ വര്‍ദ്ധനയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

നാണയപ്പെരുപ്പത്തേക്കാള്‍ നാലിരട്ടിയാണ് ഇന്‍ഷുറന്‍സ് പ്രീമിയത്തിലെ വര്‍ദ്ധനവ്. പേഴ്‌സണല്‍ ഇന്‍ജുറി ഡിസ്‌കൗണ്ട് നിരക്കുകള്‍ കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് നിരക്കുകള്‍ ശരവേഗത്തില്‍ കുതിക്കാന്‍ കാരണമെന്ന് എബിഐ വിശദീകരിക്കുന്നു. അതു മൂലം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുണ്ടാകുന്ന സാമ്പത്തിക ഭാരം ഉപഭോക്താവിലേക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഇന്‍ഷുറന്‍സ് പ്രീമിയം ടാക്‌സ് ജൂണ്‍ ഒന്ന് മുതല്‍ 10 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്.