ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നുള്ള 13,578 കോടി രൂപയുടെ വൻ തട്ടിപ്പിൽ പ്രധാനപ്രതിയായ നീരവ് മോദിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ വീണ്ടും സങ്കീർണ്ണമാകുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . വെസ്റ്റ്മിൻസ്റ്റർ കോടതിയിൽ കഴിഞ്ഞ മാസം സമർപ്പിച്ച അപ്പീൽ കോടതി അംഗീകരിച്ചതോടെ ഇയാളെ ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യുന്നത് വൈകാനാണ് സാധ്യത . ഇന്ത്യയിൽ വിചാരണ നേരിടേണ്ടി വന്നാൽ പല ഏജൻസികളും ചോദ്യം ചെയ്ത് പീഡനം ഏൽപ്പിക്കാമെന്ന ആശങ്കയാണ് മോദി കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്.
2019 മാർച്ച് 19 മുതൽ ലണ്ടനിലെ വാൻഡ്‌സ്വർത്ത് ജയിലിലാണ് നീരവ് മോദി തടങ്കലിൽ കഴിയുന്നത്. 2021 ഫെബ്രുവരി 25-ന് വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയും 2022 നവംബർ 9-ന് യുകെ ഹൈക്കോടതിയും അദ്ദേഹത്തിനെ തിരിച്ച്ചയാക്കണമെന്നുള്ള ഇന്ത്യയുടെ ആവിശ്യം അംഗീകരിച്ചിരുന്നു. സുപ്രീം കോടതിയിലേയ്ക്ക് അപ്പീൽ ചെയ്യാനുള്ള അപേക്ഷയും തള്ളിക്കളഞ്ഞതോടെ നിയമപരമായ വഴികൾ അവസാനിച്ച സാഹചര്യത്തിലായിരുന്നു ഇപ്പോഴത്തെ പുതിയ അപേക്ഷ. തിരിച്ചയക്കലിന് അന്തിമാനുമതി ഉണ്ടായ സാഹചര്യത്തിലാണ് കോടതി വീണ്ടും അപേക്ഷ സ്വീകരിച്ചതെന്നതാണ് ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് വെല്ലുവിളിയായി മാറുന്നത്.
പി.എൻ.ബി.യിൽ നിന്നും വ്യാജമായ ലെറ്റർ ഓഫ് അണ്ടർടേക്കിങ് ഉപയോഗിച്ച് 6,498 കോടി രൂപ കൈക്കലാക്കി വിദേശസ്ഥാപനങ്ങളിലൂടെ കള്ളപ്പണം വെളുപ്പിക്കലിനായി ഉപയോഗിച്ചെന്നാണ് ആരോപണം. അദ്ദേഹത്തിന്റെ ആസ്തികളിൽ 2,598 കോടി രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ 981 കോടി രൂപ ബാങ്കുകളിലേക്ക് മടക്കി നൽകിയിട്ടുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികൾ അദ്ദേഹത്തിന്റെ വിദേശ ആസ്തികളായ 130 കോടി രൂപ ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള നിയമനടപടികളുമായി മുന്നോട്ടു കൊണ്ടുപോവുകയാണ്.
Leave a Reply