യുകെയിൽ 6 മാസത്തിനിടെ ഉയർന്ന പ്രതിദിന കോവിഡ് നിരക്ക്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളിൽ 43,302 ആയി. ജനുവരി 15 ന് രേഖപ്പെടുത്തിയ 55,761 കേസുകളാണ് തൊട്ടു മുമ്പിൽ. ജനുവരി എട്ടിന് രേഖപ്പെടുത്തിയ 68,053 കേസുകളാണ് ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്.
കോവിഡ് മരണങ്ങളും ഒരാഴ്ചയ്ക്കുള്ളിൽ 48.5 ശതമാനം വർദ്ധിച്ച് 49 ലെത്തി. കഴിഞ്ഞ ബുധനാഴ്ച 33 ആയിരുന്ന സ്ഥാനത്താണിത്. പുതിയ കേസുകൾ അതിവേഗം ഉയരുന്ന സാഹചര്യത്തിൽ ജൂലൈ 19 സ്വാതന്ത്ര്യ ദിനത്തിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുമ്പോൾ ഇൻഡോറിലും മാസ്കുകൾ ധരിക്കുന്നത് തുടരണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ അതിവേഗം വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ മെഡിക്കൽ ഡയറക്ടർ ഡോ. യോൺ ഡോയ്ൽ പറഞ്ഞു. ഇത് പ്രതീക്ഷിച്ചതാണെന്നും, കൃത്യമായി നടന്നു വരുന്ന വാക്സിനേഷൻ കാമ്പയിന് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ എടുത്തിട്ടില്ലെങ്കിൽ ആദ്യത്തെയും രണ്ടാമത്തെയും ഡോസ് എത്രയും വേഗം ബുക്ക് ചെയ്യണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
സർക്കാരിന്റെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തിങ്കളാഴ്ച്ചയോടെ പൂർണ്ണമായും പിൻവലിക്കും. നിയന്ത്രണങ്ങൾ നീക്കുന്നതിനെതിരെ സേജ് ശാസ്ത്രജ്ഞർ ഉൾപ്പെടയുള്ള വിദഗ്ദർ രംഗത്തെത്തിയിരുന്നു. നിയന്ത്രണങ്ങൾ പൂർണ്ണമായും ഇല്ലാതാകുന്നതോടെ കേസുകളുടെ എണ്ണവും ഇരട്ടിയാകുമെന്ന മുന്നറിയിപ്പാണ് വിദഗ്ദർ നൽകുന്നത്.
ലണ്ടൻ ട്രാൻസ്പോർട്ടിന്റെ എല്ലാ മേഖലകളിലും ഫേസ് മാസ്കുകൾ നിർബന്ധമാക്കി മേയർ സാദിഖ് ഖാൻ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. തിങ്കളാഴ്ചയ്ക്കു ശേഷവും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുമെന്ന് ഹീത്രോ വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര യാത്രക്കാരുടെ നിരന്തര സാന്നിധ്യമുള്ള അന്തരീക്ഷമാണ് വിമാനത്താവളങ്ങളിൽ എന്നതിനാലാണ് ഈ തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി.
Leave a Reply