യുകെയിൽ വിദേശത്തു നിന്ന് വാക്സിനെടുത്തവർക്ക് ക്വാറൻ്റീൻ ഒഴിവാക്കാൻ നീക്കം. വിദേശത്ത് നിന്ന് വാക്സിൻ എടുക്കുന്നവരെ യുകെയിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ വിശദാംശങ്ങൾ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ വെളിപ്പെടുത്തുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് അറിയിച്ചു.

യുകെക്ക് പുറത്ത് വാക്സിൻ സ്വീകരിച്ചവർ ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോൾ ക്വാറൻ്റീൻ നിയമങ്ങളിൽ നിന്ന് ഒഴിവാക്കാനാണ് സർക്കാർ ഉന്നം വക്കുന്നത്. കഴിയുന്നത്ര വേഗം ഇക്കാര്യത്തിൽ അന്തിമ രൂപമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ യൂറോപ്യൻ യൂണിയനുള്ളിൽ താമസിക്കുന്നവരെ യുഎസിൽ നിന്നുള്ളവരേക്കാൾ വേഗത്തിൽ യുകെയിലേക്ക് പ്രവേശനാനുമതി നൽകിയേക്കും. ഇയു ബ്ലോക്ക് യുകെയുമായി ചേർന്ന് ഏകീകൃത ഡിജിറ്റൽ വാക്സിൻ പാസ്‌പോർട്ട് പദ്ധതി മുന്നോട്ട് വച്ചതിനാലാണിത്.

ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നു വരുന്ന, രണ്ടു ഡോസ് വാക്സിനെടുത്തവർക്ക് ഈ മാസം 19 മുതൽ ക്വാറന്റീൻ ബാധകമാകില്ല. എന്നാൽ ഇവർ സ്വന്തം ചെലവിൽ യാത്രയ്ക്കു മുമ്പും ശേഷവും മുൻകൂറായി പണമടച്ച് കോവിഡ് ടെസ്റ്റിനു വിധേയരാകണം. 18 വയസിൽ താഴെ പ്രായമുള്ള വാക്സിനെടുക്കാത്തവർക്കും ക്വാറന്റീൻ ഇളവ് അനുവദിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത ട്രാവൽ ഇൻഡസ്ട്രി നേതാക്കൾ, കൂടുതൽ രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്നു മാറ്റി ആംബർ ലിസ്റ്റിലാക്കണമെന്നു സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. ഈ മാസം 15 നാണ് സർക്കാർ ആംബർ ലിസ്റ്റ് ഉൾപ്പെടെയുള്ള ട്രാഫിക് ലൈറ്റ് സംവിധാനം പുതുക്കുന്നത്. ഇത്തവണ ഇന്ത്യയെ റെഡ് ലിസ്റ്റിൽ നിന്നും മാറ്റി ആംബർ ലിസ്റ്റിലാക്കിയാൽ വാക്സിനെടുത്തവർക്കു നാട്ടിൽ പോയിവരുമ്പോൾ ക്വാറന്റീൻ വേണ്ടിവരില്ല.

റെഡ് ലിസ്റ്റിൽ നിന്നും മാറിയാൽ വിമാനക്കമ്പനികൾക്കു കൂടുതൽ സർവീസുകൾ ആരംഭിക്കുകയും ചെയ്യാം. ഇന്ത്യക്കാർ നാട്ടിലേക്ക് യാത്രചെയ്യുമ്പോൾ പ്രധാന ട്രാൻസിറ്റ് ഡെസ്റ്റിനേഷനുകളാകുന്ന യുഎഇ, ഖത്തർ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും ഇപ്പോൾ ബ്രിട്ടന്റെ റെഡ് ലിസ്റ്റിലാണ്. ഇവരെക്കൂടി ഒഴിവാക്കിയാൽ നാട്ടിലേക്ക് ഖത്തർ എയർവേസ്, എമിറേറ്റ്സ്, എത്തിഹാത് തുടങ്ങിയ വിമാനക്കമ്പനികൾക്ക് സർവീസ് ആരംഭിക്കാമെന്നാണ് പ്രതീക്ഷ.