ഇംഗ്ലണ്ടിൽ സർജറികൾക്കും മറ്റ് സാധാരണ ചികിൽസയ്ക്കുമായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം സർവകാല റെക്കാർഡിൽ എത്തിയതായി കണക്കുകൾ.റോയൽ കോളജ് ഓഫ് സർജൻസിന്റെ കണക്കുപ്രകാരം ഇംഗ്ലണ്ടിൽ 5.6 മില്യൺ രോഗികളാണ് നിലവിൽ മറ്റ് രോഗങ്ങൾക്കുള്ള ചികിൽസ കാത്തിരിക്കുന്നത്.

ഹിപ്പ് റീപ്ലേസ്മെന്റ്, ക്നീ റിപ്ലേസ്മെന്റ്, ജനറൽ സർജറി, ഗാൾബ്ലാഡർ നീക്കം ചെയ്യൽ, ഹെർണിയ തുടങ്ങിയ മുൻകൂട്ടി നിശ്ചയിക്കുന്ന ഓപ്പറേഷനുകളാണ് ഇത്തരത്തിൽ പലവട്ടം നീട്ടിവയ്ക്കപ്പെട്ടവയുടെ പട്ടികയിൽ ഏറ്റവും കൂടുതൽ.

കോവിഡു മൂലം അത്യാവശ്യമല്ലാത്ത സർജറികളും മറ്റു ചികിൽസകളും നിരവധിതവണ മാറ്റിവയ്ക്കപ്പെട്ടതാണ് ഇത്തരം രോഗികളുടെ കാത്തിരിപ്പ് പട്ടിക ഇത്രയേറെ വർധിക്കാൻ കാരണം.

ജീവൻ നഷ്ടമായേക്കാവുന്ന സാഹചര്യങ്ങളിൽ ആംബുലൻസ് വിളിക്കുമ്പോഴും കൂടുതൽ സമയം കാത്തിരിക്കേണ്ട സാഹചര്യമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹൃദയാഘാതം, ശ്വസതടസം, മറ്റ് അപകടങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ആംബുലൻസ് സേവനത്തിനായി വിളിച്ചാൽ ഏഴു മിനിറ്റിനുള്ളിൽ എൻഎച്ച്എസ് സംഘം സ്ഥലത്ത് എത്തണമെന്നതാണ് ലക്ഷ്യം.

എന്നാൽ ഇപ്പോൾ ഇക്കാര്യത്തിലെ ശരാശരി സമയദൈർഘ്യം ഇപ്പോൾ എട്ടര മിനിറ്റാണ്. എൻഎച്ച്എസ് സേവനങ്ങൾ മെച്ചപ്പെടുത്താനായി നാഷനൽ ഇൻഷുറൻസ് ടാക്സ് 1.25 ശതമാനം വർധിപ്പിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നാണ് വിമർശകർ ആവശ്യപ്പെടുന്നത്. കോവിഡ് സാഹചര്യത്തിൽ എൻ. എച്ച്. എസിന് മേലുള്ള അമിത ജോലിഭാരമാണ് പ്രശ്നങ്ങളുടെ കാതലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.